എഴക്കാട് റേഷൻകട വളവിൽ വീണ്ടും വാഹനാപകടം

മുണ്ടൂർ : ചെറിയ ഇടവേളയ്ക്കുശേഷം മുണ്ടൂർ-കോങ്ങാട് സംസ്ഥാനപാതയിലെ എഴക്കാട് റേഷൻകട വളവിൽ വീണ്ടും വാഹനാപകടം. കോങ്ങാട് ഭാഗത്തുനിന്ന് വന്ന ലോറി റേഷൻകട വളവ് തിരിയുന്നതിനിടെ തെന്നി തിരിഞ്ഞ് എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലിടിച്ചു. ആളപായമില്ല.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. സംഭവ സമയത്ത് ചാറ്റൽ മഴയുമുണ്ടായിരുന്നു. അപകടത്തിൽ രണ്ടു ലോറികളുടെയും മുൻവശത്തിന് കേടുപറ്റി. തെന്നിമാറിയ ലോറി റോഡിന് വിലങ്ങായാണ് നിന്നിരുന്നത്. സംഭവത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഒന്നര മണിക്കൂറോളം ഭാഗിക ഗതാഗത തടസ്സമുണ്ടായി. കോങ്ങാട് പോലീസ് വാഹനങ്ങൾ വശങ്ങളിലൂടെ നിയന്ത്രിച്ച് കടത്തിവിട്ടു.
പിന്നീട് ക്രെയിൻ എത്തിച്ച് ലോറികൾ റോഡിൽനിന്ന് വശങ്ങളിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുണ്ടൂർ-കോങ്ങാട് സംസ്ഥാനപാത നവീകരിച്ചതോടെ എഴക്കാട് റേഷൻകടവളവിൽ അപകടങ്ങൾ പതിവാണ്. മഴയുള്ളപ്പോഴാണ് പലപ്പോഴും അപകടം. അധികവും കോങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.
ബംഗ്ലാവ്കുന്ന് കഴിഞ്ഞുള്ള ഇറക്കത്തോടുകൂടിയ റോഡിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ വളവ് തിരിയുമ്പോഴാണ് അധികവും അപകടങ്ങൾ. മാസങ്ങൾക്ക് മുൻപ് കോങ്ങാട് പോലീസ് ഇടപെട്ട് റോഡിന് നടുവിൽ പ്ലാസ്റ്റിക് ബാരിക്കേഡുകൾ സ്ഥിപിച്ച് ഗതാഗതം നിയന്ത്രിച്ചതോടെ അപകടങ്ങൾ കുറഞ്ഞിരുന്നു. എന്നാലും കോങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വളവ് തിരിയുതിനിടെ നിയന്ത്രണം തെറ്റി വശത്തേക്ക് ഇറങ്ങി പോകാറുണ്ടായിരുന്നു. മുണ്ടൂർ-തൂത റോഡ് നവീകരണം തുടങ്ങിയതു മുതൽ ജീവഹാനി സംഭവിച്ചതും അല്ലാത്തതുമായ നിരവധി അപകടങ്ങളാണ് പ്രദേശത്ത് സംഭവിച്ചിട്ടുള്ളത്.
അപകടങ്ങളിൽപെടുന്ന വാഹനങ്ങൾ അധികവും വീടുകളുടെ മതിൽ തകർത്തും വൈദ്യുതത്തൂണുകൾ തകർത്തുമാണ് നിൽക്കാറുളളത്. സ്ഥലത്ത് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ പരിശോധന നടത്തി പരിഹാരങ്ങൾ നിർദേശിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.