'അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള അപേക്ഷകൾ കൂടുന്നു'

പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിന് ഐ.എസ്.ഒ. അംഗീകാരം
പാലക്കാട് : പല കേസുകളുടെയും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിയെന്ന നിലയ്ക്ക് തനിക്ക് ജനങ്ങളിൽനിന്ന് ധാരാളം അപേക്ഷകൾ വരുന്നുണ്ടെന്ന് ഡി.ജി.പി. റവാഡ ചന്ദ്രശേഖർ. ക്രൈംബ്രാഞ്ചിലുള്ള വിശ്വാസമാണ് അതു കാണിക്കുന്നത്. അതു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ക്രൈംബ്രാഞ്ചിന്റെ ജോലിഭാരം കുറയ്ക്കാനുള്ള നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിന് ലഭിച്ച ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പോലീസ് മേധാവി. പോലീസിങ്ങിന്റെ സ്വഭാവം അതിവേഗം മാറുകയാണ്. കേസുകളും കുറ്റകൃത്യങ്ങളും കൂടുകയും ചെയ്യുന്നു. ഒന്നരവർഷത്തിനിടെ ഒട്ടേറെ കേസുകൾ തെളിയിക്കാൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് മികച്ചസേവനം നൽകുമെന്ന ഉറപ്പാണ് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ. അത് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് അധ്യക്ഷനായി. ഐ.എസ്.ഒ. ഡയറക്ടർ എൻ. ശ്രീകുമാറിൽനിന്ന് ഡി.ജി.പി. സർട്ടിഫിക്കറ്റ് സ്വീകരിച്ചു. തുടർന്ന് െെക്രംബ്രാഞ്ച് ഓഫീസിന്റെ രണ്ടാംനിലയിൽ ആരംഭിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനവും റവാഡ് ചന്ദ്രശേഖർ നിർവഹിച്ചു.
ഐ.ജി.മാരായ എസ്. ശ്യാംസുന്ദർ, കാളിരാജ് മഹേഷ് കുമാർ, ഡി.ഐ.ജി. ടി. നാരായണൻ, പാലക്കാട് പോലീസ് മേധാവിയുടെ ചുമതലയുള്ള മലപ്പുറം എസ്.പി. ചൈത്ര തെരേസ ജോൺ, പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. ഫിറോസ് എം. ഷഫീഖ്, എസ്.പി. എച്ച്. നസറുദ്ദീൻ, ഡിവൈ.എസ്.പി. കെ. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം, സെക്യൂരിറ്റി ആൻഡ് റിസൈലൻസ്-ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്റ് സിസ്റ്റം എന്നീ സർട്ടിഫിക്കറ്റുകളാണ് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിനു ലഭിച്ചത്. ഇതിൽ മൂന്നാമത്തെ ബഹുമതി ഇന്ത്യയിലെ സേനകളിലൊന്നിന് ലഭിക്കുന്ന ആദ്യ സർട്ടിഫിക്കറ്റ് ആണെന്ന് ഐ.എസ്.ഒ. പ്രതിനിധികൾ പറഞ്ഞു.