ഗണേശോത്സവത്തിന്‌ ഒരുങ്ങി കൊടുവായൂർ

കൊടുവായൂർ : ഗണേശോത്സവത്തിൻെറ ഒരുക്കങ്ങളിലാണ് കൊടുവായൂർ. കൊടുവായൂർ ആൽത്തറ ഗണപതിക്ഷേത്രത്തിനു മുന്നിൽ 10 അടി ഉയരമുള്ള കൂറ്റൻ ഗണേശവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, കോളോട്, ചാന്തിരുത്തി, ഗ്രാമം, ടൗൺ, എത്തന്നൂർ, പിട്ടുപീടിക, കരുവന്നൂർതറ, കർണകി നഗർ, പ്രതാപ് നഗർ, തോട്ടക്കാട്ടുതറ, മന്നം, ഗ്രൗണ്ട്, തെക്കേപ്പുറം, മൈലാറോഡ് തുടങ്ങി കൊടുവായൂരിലെ വിവിധ ഭാഗങ്ങളിലായി 30 വിഗ്രഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

14-ന് രാവിലെ ആൽത്തറ വിനായക ക്ഷേത്രത്തിൽ വിഘ്നേശ്വരപൂജയ്ക്കുശേഷം ലഡുവിതരണവും ഉണ്ടാകും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഗണേശവിഗ്രഹങ്ങൾ എത്തന്നൂർ മരുതി ഭഗവതിക്ഷേത്രത്തിൽ എത്തിക്കും. വൈകീട്ട് മൂന്നിന് വിവിധ കലാരൂപങ്ങൾ, ദേവനൃത്തം, നാഗസ്വരം, കാവടിയാട്ടം, മറ്റു വിവിധ വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെ മഹാശോഭയാത്രയ്ക്ക് തുടക്കമാവും. വൈകീട്ട് അഞ്ചിന് ഹൈസ്കൂളിനു മുന്നിൽ ഗ്രാമപീടികയിൽ സമാപനസമ്മേളനവും നടക്കും. 15-ന് കൽപ്പാത്തിപ്പുഴയിലേക്ക് വിഗ്രഹനിമജ്ജനയാത്രയ്ക്ക് തുടക്കമാകും. ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗണേശോത്സവം നടത്തുന്നത്.