ഒറ്റപ്പാലത്തുനിന്ന് തമിഴ്നാട്ടിലേക്ക്പോയ ബസ് കത്തി; ആളപായമില്ല

ഒറ്റപ്പാലം : വരോടുനിന്ന് വിദ്യാർഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിക്കു സമീപം ഹൈവേയിൽ കത്തിനശിച്ചു. ബസിന്റെ ചക്രം പൊട്ടിയത് പരിശോധിക്കുന്ന സമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ 51 പേരും പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വരോട് കെ.പി.എസ്.എം.എം. വി.എച്ച്.എസ്.ഇ. സ്കൂളിൽനിന്ന് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഡ്രൈവറും സഹായിയും ശനിയാഴ്ച പുലർച്ചെയാണ് കൊടൈക്കനാൽ, മൂന്നാർ എന്നിവിടങ്ങളിലേക്ക് സ്കൂളിൽനിന്ന് യാത്രതിരിച്ചത്. കൊടൈക്കനാൽ സന്ദർശിച്ച് മൂന്നാറിലേക്ക് പോവുകയായിരുന്നു സംഘം. തേനിയിലെ ദേവധാനപ്പെട്ടിയിൽവെച്ച് രാവിലെ 11-ഓടെ ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കെ ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടി.
തുടർന്ന് എല്ലാവരും ബസിൽനിന്നിറങ്ങിയപ്പോൾ പൊട്ടിയ ഭാഗത്തുനിന്ന് തീപ്പൊരി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ വിദ്യാർഥികളെ ദൂരേക്കുമാറ്റി. അപ്പോഴേക്കും തീ ആളിപ്പടർന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനിലും അഗ്നിരക്ഷാസേനയെയും ഇതിനിടെ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായി കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്താൻ അരമണിക്കൂറോളം വൈകിയെന്ന് അധ്യാപകർ പറഞ്ഞു. ബസിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ബാഗുകളും മറ്റും കത്തിനശിച്ചു.
യാത്ര ഏർപ്പാടുചെയ്തിരുന്ന ഏജൻസി മറ്റൊരു ബസ് അയക്കുകയും മൂന്നാർ സന്ദർശനം ഒഴിവാക്കി സംഘം മടങ്ങുകയുംചെയ്തു.