വിലകൂടിയ വൈദ്യുത കേബിളുകൾ മോഷ്ടിച്ച സംഭവം; കച്ചവടക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ

തിരുപ്പൂർ : ജില്ലയിലെ കുണ്ടടത്തുള്ള കൃഷിയിടങ്ങളിൽനിന്ന് വിലകൂടിയ വൈദ്യുത കേബിളുകൾ മോഷ്ടിച്ച കേസിൽ വ്യാപാരിയടക്കം മൂന്നുപേർ അറസ്റ്റിൽ. മോഷണം നടത്തിയ തിരുവാരൂർ സ്വദേശി വി. ബാലമുരുകൻ (24), പൊള്ളാച്ചി സ്വദേശി എം. മദൻ (24), കേബിളുകൾ വിൽക്കാൻ സഹായിച്ച ആക്രി കച്ചവടക്കാരൻ പല്ലടം സ്വദേശി രാമശക്തിലിംഗം (26) എന്നിവരെയാണ് കുണ്ടടം പോലീസ് അറസ്റ്റുചെയ്തത്.

കുണ്ടടത്തിനടുത്തുള്ള വിവിധയിടങ്ങളിലെ കർഷകരായ വെങ്കടാചലപതി, അരസകുമാർ, കാശിലിംഗം, മുത്തുകുമാർ എന്നിവരുടെ പരാതികളിലാണ് അറസ്റ്റ്. ഇവർ സ്ഥാപിച്ചിരുന്ന കുഴൽക്കിണർ അധിഷ്ഠിതമായ ജലസേചന സംവിധാനങ്ങളിലെ മോട്ടോർ പമ്പ് സെറ്റുകളുമായി ബന്ധിപ്പിച്ചിരുന്ന കേബിളുകളാണ് ബാലമുരുകനും മദനും ചേർന്ന് നവംബർ ആദ്യവാരം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രാമശക്തിലിംഗത്തിന്റെ സഹായത്തോടെ വിൽക്കുകയും ചെയ്തു. മോഷ്ടിച്ചതിൽനിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളും മോഷണത്തിനായി ഉപയോഗിച്ച മോട്ടോർസൈക്കിളും പോലീസ് കണ്ടെടുത്തു.

പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആക്രി കച്ചവടക്കാരനെയും പിടികൂടുകയായിരുന്നു.