അവലോകനയോഗം കഴിഞ്ഞ് മാസങ്ങളായി, നടപടിമാത്രമില്ല

കോങ്ങാട് : മുണ്ടൂർ-തൂത റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ നടപടികൾ പ്രഖ്യാപനത്തിൽമാത്രമൊതുങ്ങുന്നു. അപകടങ്ങൾ പതിവായതിനെത്തുടർന്ന് കോങ്ങാട് എം.എൽ.എ.കൂടിയായ മന്ത്രി കെ.എ. തുളസിയുടെ നേതൃത്വത്തിൽ ജൂലായിൽ പാലക്കാട് കളക്ടറേറ്റിൽ വിപുലമായ യോഗം നടത്തിയിരുന്നു.

എം.എൽ.എ.മാരുൾപ്പെടെ വിവിധതലങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ മുണ്ടൂർ-തൂത റോഡിലെ നിലവിലെ അവസ്ഥ മന്ത്രിതന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര പരിഹാരനടപടികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

യോഗം കഴിഞ്ഞ് ഏകദേശം രണ്ടുമാസമായിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 മാസത്തിനിടെ ഈ റോഡിലുണ്ടായ അപകടങ്ങളിൽ 20-ലധികംപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. കോങ്ങാട് പഞ്ചായത്തിൽ ബംഗ്ളാവ്കുന്ന്, ചല്ലിക്കൽ, മാഞ്ചേരിക്കാവ്, പാറശ്ശേരി, പെരിങ്ങോട് തുടങ്ങിയ സ്ഥിരം അപകടമുണ്ടാവുന്ന സ്ഥലങ്ങളിലൊന്നും ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല.

പാറശ്ശേരിപോലുള്ള പ്രധാന സ്ഥലങ്ങളിൽ ആവശ്യത്തിന് തെരുവുവിളക്കില്ലാത്തതും, ഉള്ള വിളക്കുകൾ കത്താതും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണയാവുന്നുണ്ട്.

കോങ്ങാട് തിരുമാന്ധാംകുന്നിറക്കംപോലെ റോഡിന് വലിയ വീതിയുള്ള സ്ഥലങ്ങളിൽ എടുത്തുമാറ്റാവുന്ന ഡിവൈഡറെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യവും യാഥാർഥ്യമായിട്ടില്ല.