തകർന്ന പാതയിൽ ഞാറുനട്ട് പ്രതിഷേധം

തിരുപ്പൂർ : പൊങ്കലൂർ ബ്ലോക്കിൽ വളരെക്കാലമായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ഞാറും വൃക്ഷത്തൈകളും നട്ട് പൊതുജന പ്രതിഷേധം. തമിഴ്നാട് കർഷക സംരക്ഷണസംഘം അംഗങ്ങളും നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒപ്പം ചേർന്നു.

വേലംപട്ടിയിലെ ടോൾ പ്ലാസയിൽനിന്ന് കോവിൽപാളയം വരെ പോകുന്ന പ്രധാന റോഡ് കിലോമീറ്റർ കണക്കിന് കുണ്ടും കുഴിയുമായി കിടക്കുന്നു. ഇത് പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടികളുമുണ്ടാകാത്തതിനെത്തുടർന്നാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. മഴ തുടങ്ങിയതോടെ രാത്രികാലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ തിരിച്ചറിയാൻ പറ്റാത്തതിനാൽ അപകടങ്ങൾ ഉണ്ടാവുന്നെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.