മാലിന്യപ്രശ്‌നത്തിൽ ഗ്രാമസഭാ യോഗം ബഹിഷ്‌കരിച്ച് ഗ്രാമവാസികളുടെ പ്രതിഷേധം

പ്രതിഷേധിച്ചത് ആടുകളും കന്നുകാലികളുമായെത്തി

തിരുപ്പൂർ : തിരുപ്പൂർ ബ്ലോക്കിലെ മുതലിപാളയം പഞ്ചായത്തിൽ നടന്ന ഗ്രാമസഭായോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ച് ഗ്രാമവാസികൾ. ഇതോടെ ഗ്രാമവികസന വകുപ്പ് അധികൃതർ യോഗം മാറ്റിവെച്ചു.

കോടതി ഉത്തരവുകൾക്കുശേഷവും പഞ്ചായത്തിലെ പ്രവർത്തനരഹിതമായ പാറമടകളിൽ തിരുപ്പൂർ കോർപറേഷൻ തള്ളിയ മാലിന്യങ്ങൾ നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ച് ധർണ നടത്തിയത്. ഗ്രാമീണർ ആടുകളും കന്നുകാലികളുമായെത്തിയാണ് യോഗവേദിക്ക് പുറത്ത് പ്രതിഷേധിച്ചത്.

തുടർച്ചയായ പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്തിലെ പാറമടകളിൽ മാലിന്യം തള്ളുന്നത് കോർപറേഷൻ നിർത്തിവെച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ഏകദേശം 10 ലക്ഷം ടണ്ണോളം മാലിന്യങ്ങൾ തള്ളിക്കഴിഞ്ഞിരുന്നു. പാരിസ്ഥിതിക തകർച്ചയുണ്ടാക്കുന്ന ഈ മാലിന്യങ്ങൾ എത്രയും വേഗം മാറ്റാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല.