ദീപാവലി മധുരവുമായി അഗ്രഹാരമൊരുങ്ങി

പാലക്കാട് : നാവിലും മനസ്സിലും മധുരം നിറയ്ക്കാൻ നൂറണിയിൽ ദീപാവലി മധുരമൊരുങ്ങി. ഞായറാഴ്ചയാണ് ദീപാവലി. നറുനെയ് സുഗന്ധവുമായി ബാദുഷ, മൈസൂർപ്പാക്ക്, നാവിൽ അലിയുന്ന ലഡ്ഡു, നാടൻ വെളിച്ചെണ്ണയിൽ വറുത്തെടുത്ത മിക്സ്ചർ... മധുരത്തിനുപുറമേ, എരിവും റെഡി.

നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിൽ കേരള ബ്രാഹ്മണസഭ നൂറണി ഉപസഭയുടെ നേതൃത്വത്തിലാണ് മധുരപലഹാരങ്ങൾ തയ്യാറാക്കുന്നത്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ഉപസഭയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണം മുടങ്ങിയിട്ടില്ല.

ഗ്രാമവാസികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ചാണ് പലഹാരങ്ങളുണ്ടാക്കുന്നത്. പണ്ടുകാലത്ത് അഗ്രഹാരത്തിലെ കുടുംബങ്ങൾ വീടുകളിൽ നിർമിച്ച്‌ പരസ്പരം കൈമാറിയിരുന്ന പാരമ്പര്യമാണ് പിന്നീട് ക്ലബ്ബുകളിലേക്കും തുടർന്ന്, കഴിഞ്ഞ 35 വർഷമായി ഉപസഭയിലേക്കും വഴിമാറിയത്. ഈ വർഷം എട്ട് ജിലേബി, എഴ് മൈസൂർപ്പാക്ക്, അഞ്ച് ലഡ്ഡു, അഞ്ച് ബാദുഷ എന്നിവയടങ്ങിയ 500 പാക്കറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 225 കിലോ മിക്സ്ച്ച‌റാണ് ഉണ്ടാക്കിയത്.

‘മധുരപലഹാരങ്ങളില്ലാതെ എന്ത് ദീപാവലി’ എന്നാണ് നൂറണിയിലെ ഗ്രാമവാസികൾ പറയുന്നത്. പലഹാര വിതരണത്തിലൂടെ ലഭിക്കുന്ന ലാഭവിഹിതം സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്ന് ഉപസഭാ പ്രസിഡന്റ് എ.വി. വെങ്കട്ടരാമൻ, സെക്രട്ടറി എൻ.എസ്. ശങ്കർ, ഖജാൻജി എൻ.എ. പ്രകാശ് എന്നിവർ പറഞ്ഞു.