വാൻ കാറിലിടിച്ച് മറിഞ്ഞു; ഏഴുപേർക്ക് സാരമായ പരിക്ക്

തിരുപ്പൂർ : അവിനാശിയിൽ കാറിൽ ഇടിച്ചതിനെത്തുടർന്ന് ചരക്കുമായിപ്പോയ വാൻ മറിഞ്ഞ് ഏഴുപേർക്ക് സാരമായി പരിക്കേറ്റു.
വാൻ ഡ്രൈവർ കോയമ്പത്തൂർ സുളൂർ സ്വദേശി മൂർത്തി (36), അതിഥിത്തൊഴിലാളികളായ സഞ്ജയ് ഓറം (23), സുൻങ്കു ഓറം (25), ചാട്ടേശ്വർ സിങ് (25), സമീർ ഊരാൻ (19), രോഹിനാഥ് (17), വടിവേൽ (36) എന്നിവർക്കാണ് പരിക്കേറ്റത്. കോയമ്പത്തൂർ ഊത്തംപാളയത്തുനിന്ന് കോൺക്രീറ്റ് സ്ലാബുകളും സിമൻറ് ചാക്കുകളുമായി ഗോപിച്ചെട്ടിപ്പാളയത്തേക്ക് പോകുമ്പോഴാണ് അപകടം. മൂർത്തി ഓടിച്ച വാൻ മുന്നിൽ പോയ കാറിലിടിച്ച ശേഷം റോഡിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റ ഡ്രൈവറെയും ആറ് തൊഴിലാളികളെയും തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ പിൻഭാഗത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും അതിലെ രണ്ട് യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അവിനാശി പോലീസ് കേസെടുത്തു.