കോയമ്പത്തൂരിൽ 24 മണിക്കൂറിൽ പെയ്തത് 1,232 മില്ലിമീറ്റർ മഴ

കോയമ്പത്തൂർ : കോയമ്പത്തൂർജില്ലയിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഞായറാഴ്ച കനത്ത മഴപെയ്തു. രാവിലെ ഏഴരമുതൽ തിങ്കളാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിൽ 1,232 മില്ലിമീറ്റർ മഴയാണ് പെയ്തത്. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം വെള്ളംകയറിയെങ്കിലും വൈകീട്ട് മഴ കുറഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. കോയമ്പത്തൂർ നഗരത്തിൽ സൗത്ത് താലൂക്ക് ഓഫീസ് ഭാഗത്ത് 105 മില്ലിമീറ്റർ മഴയാണ് പെയ്തത്.

പോത്തനൂർ റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് 118 മില്ലിമീറ്ററും മധുക്കര താലൂക്കിൽ 130 മില്ലിമീറ്ററും വാരപ്പട്ടിയിൽ 128 മില്ലിമീറ്ററും മഴപെയ്തു. പീളമേട്-61, കാർഷിക സർവകലാശാല-89, പില്ലൂർ ഡാം-31, സൂളൂർ-38, തൊണ്ടാമുത്തൂർ-64, ശിരുവാണി അടിവാരം-54, പൊള്ളാച്ചി-69, കിണത്തുക്കടവ്-49 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ പെയ്തിരിക്കുന്നത്. എന്നാൽ വാൽപ്പാറ, ഷോളയാർ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നില്ല. കനത്ത മഴയെത്തുടർന്ന് സെൽവചിന്താമണി തടാകം കരകവിഞ്ഞൊഴുകി.

ഇതോടെ സെൽവപുരം-സുണ്ടക്കാമുത്തൂർ റോഡിൽ ചെട്ടിവീഥി, അശോക് നഗർ, പ്രഭുനഗർ എന്നിവിടങ്ങളിൽ റോഡിലും വീടുകളിലും വെള്ളംകയറി. സ്ഥലത്ത് മന്ത്രി വി. സമ്പത്ത് കുമാർ സന്ദർശനം നടത്തി സ്ഥിതിഗതി വിലയിരുത്തി. കളക്ടർ ജി. പവൻകുമാർ, മേയർ രങ്കനായകി എന്നിവർ സ്ഥലം സന്ദർശിച്ചു. വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനൊപ്പം ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണസാമഗ്രികളും മറ്റും വിതരണംചെയ്തു.

റോഡിലും വീടുകളിലും കയറിയ വെള്ളംവറ്റിക്കാൻ മോട്ടോറുപയോഗിച്ച് പമ്പിങ് നടത്തുന്നുണ്ട്. നഗരത്തിൽ വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിലെല്ലാം തിങ്കളാഴ്ചയോടെ ഗതാഗതം സുഗമമായി. ഞായറാഴ്ച രാത്രിയിൽ മഴ വിട്ടുനിന്നത്‌ ആശ്വാസമായി.