ഊട്ടിയിൽ ടൂറിസം രണ്ടാം സീസൺ തുടങ്ങി

ഊട്ടി : ഊട്ടി വിനോദസഞ്ചാര കേന്ദ്രത്തിൽ രണ്ടാം സീസൺ തുടങ്ങി. സെപ്റ്റംബർ രണ്ടാം വാരത്തോടെയാണ് രണ്ടാം സീസൺ തുടങ്ങുക. സസ്യോദ്യാനം, പനിനീർപ്പൂ ഉദ്യാനം, ബോട്ട് ഹൗസ്, ദോഡബെട്ട, പൈക്കര, ഷൂട്ടിങ് പോയിന്റ്, പൈൻ ഫോറസ്റ്റ് എന്നിവ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ഊട്ടി സസ്യോദ്യാനത്തിൽ നാലുലക്ഷത്തോളം ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്. കൂടാതെ 25000-ത്തോളം ചട്ടികളിൽ വിവിധ ചെടികളും വളർത്തിയിട്ടുണ്ട്.
ഇവ ഗാലറിയിൽ പ്രദർശനത്തിനായി വെക്കും. ഡാലിയ, മെറി ഗോൾഡ്, ജമന്തി, പനീർ, ടുലിപ്പ്, കാർണേഷ്യം തുടങ്ങിയ ചെടികളാണ് കൂടുതൽ. നവംബർ രണ്ടാംവാരംവരെയാണ് രണ്ടാം സീസൺ. സീസണെ വരവേൽക്കാൻ ഹോട്ടലുകാരും ഒരുങ്ങി.
പക്ഷേ, കോട്ടേജുടമകളിൽ ചിലർ പ്രതിസന്ധിയിലാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ഏതാണ്ട് 900 കോട്ടേജുകൾ പൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
നടപടി പൂർത്തിയായാൽ സഞ്ചാരികൾക്ക് താമസത്തിന് ബുദ്ധിമുട്ടുണ്ടാകും.