പഴനിമല ക്ഷേത്രത്തിലെ ശിവക്ഷേത്ര സന്നിധികളിൽ വെള്ളിത്തകിടുകൾ പതിച്ചുതുടങ്ങി

പഴനി : പഴനിമല ക്ഷേത്രത്തിലെ ഉൾപ്രകാര മഹാമണ്ഡപത്തിലുള്ള ശിവക്ഷേത്ര സന്നിധികളിൽ 89 കിലോഗ്രാം തൂക്കമുള്ള വെള്ളിത്തകിടുകൾ പതിക്കുന്ന പണികൾ വിശേഷാൽപൂജകളോടുകൂടി തുടങ്ങി. ഉൾപ്രകാര മഹാമണ്ഡപത്തിലേക്ക് കടക്കുന്ന ഭാഗത്ത് രണ്ട് ശിവക്ഷേത്ര സന്നിധികൾക്കാണ് വെള്ളിത്തകിടുകൾ പതിക്കുന്നത്.
ക്ഷേത്രത്തിൽ വെള്ളിത്തകിടുകൾവെച്ച് വിശേഷാൽപൂജകളും ദീപാരാധനയും നടത്തി. വിശേഷാൽപൂജകൾക്കുശേഷം തകിടുകൾ പതിക്കുന്ന പണികൾ തുടങ്ങി. അഞ്ചുദിവസംകൊണ്ട് തകിടുകൾ പതിക്കൽ പൂർത്തിയാകുമെന്ന് പഴനി ദേവസ്വം ബോർഡ് അറിയിച്ചു. പൂജകൾക്ക് പഴനി സെൽവ സുബ്രഹ്മണ്യ ഗുരുക്കൾ നേതൃത്വം നൽകി. പഴനി ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ സുബ്രഹ്മണ്യൻ, ജോയിന്റ് കമ്മിഷണർ വെങ്കിടേഷ്, തമിഴ്‌നാട് ദേവസ്വം ബോർഡ് ദിണ്ടിക്കൽ ഓഫീസർ അന്നക്കൊടി, ക്ഷേത്രം സൂപ്രണ്ടുമാർ, ദേവസ്വം ബോർഡധികൃതർ തുടങ്ങിയവർ പങ്കെടുത്തു.