മനിശ്ശീരിയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽക്കെട്ടിടം നവീകരിക്കാൻ പദ്ധതി

അടങ്കൽ തയ്യാറാക്കി

കുളപ്പുള്ളി : വാണിയംകുളം മനിശ്ശീരിയിലെ പൂട്ടിയിട്ട, ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നവീകരിക്കാൻ പദ്ധതി. ഇതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം കെട്ടിടം പരിശോധിച്ച് അടങ്കൽ തയ്യാറാക്കി. ഒൻപത് വർഷമായിട്ടും ഉദ്ഘാടനംചെയ്യാത്തതിനാൽ ഉപയോഗമില്ലാതെകിടക്കുകയായിരുന്നു കെട്ടിടം.

2016 ഫെബ്രുവരിയിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം 2017-ൽ ഡിസംബറിൽ പണി പൂർത്തിയാക്കി. കഴിഞ്ഞമാസമാണ് ഓൺലൈനായി കെട്ടിടോദ്ഘാടനം നടത്തിയത്.

2.85 കോടി രൂപ ചെലവഴിച്ചാണ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. പണികൾ പൂർത്തിയാക്കിയ കെട്ടിടമായതിനാൽ കോവിഡ് കാലത്ത് പഞ്ചായത്തിന്റെ കോവിഡ് സെന്ററായും ഉപയോഗിച്ചിരുന്നു.

പിന്നീട് കെട്ടിടം ഉപയോഗിക്കാതെ ആയതോടെ പൈപ്പുകളും ഇലക്ട്രിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ കേടുപാടുകൾവന്ന നിലയിലാണ്.

കെട്ടിടം നവീകരിക്കുന്നതിന് അടങ്കൽ നൽകണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം എസ്.സി. ഡിവലപ്മെ‌ന്റ് ഓഫീസർ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധന നടത്തിയത്.

കെട്ടിടത്തിന്റെ മുൻഭാഗത്ത് പൂട്ടുകട്ടകൾ വിരിക്കൽ, കെട്ടിടത്തിന്റെ മുൻഭാഗം പെയിന്റടിക്കൽ, കേടുവന്ന ജനൽക്കമ്പികൾ മാറ്റൽ, മുകളിലെ തകർന്ന ഭാഗങ്ങൾ നന്നാക്കൽ ഉൾപ്പെടെയുള്ള കേടുപാടുകൾ പരിഹരിക്കാൻ ഏഴുലക്ഷം രൂപയുടെ പദ്ധതിയാണ് അടങ്കലിലുള്ളത്.