കത്തിക്കരിഞ്ഞ ലോറി മൂന്നുമാസമായിട്ടും നീക്കിയില്ല; അപകടഭീഷണിയായി അവശിഷ്ടം

കല്ലടിക്കോട് : കോഴിക്കോട് –പാലക്കാട് ദേശീയപാതയിൽ കാഞ്ഞിക്കുളം സത്രംകാവിന് സമീപം അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി മാറ്റാത്തത് അപകടഭീഷണിയാവുന്നു. അപകടമുണ്ടായി മൂന്നുമാസം കഴിഞ്ഞിട്ടും റോഡുവശത്തേക്ക് മാറ്റിയിട്ട ലോറി കൊണ്ടുപോകാത്തതിൽ പരിസരവാസികൾ പ്രതിഷേധത്തിലാണ്.
ഓഗസ്റ്റ് 27-ന് പുലർച്ചെയാണ് കോഴിത്തീറ്റ കയറ്റിവന്ന ലോറിയും കാർ കാരിയർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചത്. അപകടത്തിൽ ഒരാൾ മരിക്കയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാഞ്ഞിക്കുളത്തെ സർവീസ് സഹകരണബാങ്കിന് സമീപത്തുള്ള വീട്ടിനുമുന്നിലാണ് കത്തിക്കരിഞ്ഞ ലോറി കിടക്കുന്നത്. ദേശീയപാതയിലെ വളവിനോടുചേർന്ന് മരങ്ങളുള്ള ഭാഗത്തായതിനാൽ വാഹനങ്ങൾക്ക് അപകടസാധ്യത കൂടുതലുള്ളഭാഗം കൂടിയാണ് ഇവിടം.
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇത് കൂടുതൽ അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ലോറിയുടെ അവശിഷ്ടം തുരുമ്പെടുത്ത് നശിക്കയാണ്. വീടിനുമുന്നിൽ വാഹനം കിടക്കുന്നത് പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ലോറി അടിയന്തരമായി നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.