ഓങ്ങല്ലൂർ-പാറപ്പുറം പാത ഗതാഗതക്കുരുക്കിന്റെ പിടിയിൽ

പട്ടാമ്പി : ഗതാഗതക്കുരുക്കിൽ വലഞ്ഞ് ഓങ്ങല്ലൂർ-പാറപ്പുറം പാത. ഗ്രാമീണ റോഡിൽ ഒരുവിഭാഗം ആക്രിക്കച്ചവടവാഹനങ്ങൾ അനകൃതമായി നിർത്തിയിടുന്നതും ആക്രിസാധനങ്ങൾ പാതയോരത്ത് കൂട്ടിയിടുന്നതുമാണ് കുരുക്കിനുകാരണം. ഇതിനാൽ ഇതുവഴിയുള്ള യാത്ര ദുസ്സഹമാണെന്ന് നാട്ടുകാർ പറയുന്നു.

പാതയോരങ്ങളും അനുബന്ധ പാതയോരങ്ങളും മുഴുവൻ ചെറുതും വലതുമായ നാനൂറോളം ആക്രികച്ചവട കേന്ദ്രങ്ങളാണ് ഓങ്ങല്ലൂർ പാറപ്പുറത്തുള്ളത്. ആക്രിസാധനങ്ങൾ വടക്കൻ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നുപോലും ഓങ്ങല്ലൂർ കാരക്കാട് ഭാഗത്താണ് എത്തുന്നത്. കരിപ്പൂരിൽ തകർന്ന വിമാനം കൂടി ആക്രിയയായി ഇവിടെയാണ് എത്തിയത്. ഓങ്ങല്ലൂരിൽനിന്ന് പാറപ്പുറം പള്ളിവരെ രണ്ടു കിലോമീറ്റർ മാത്രം നീളമുള്ള ഈ പാതയിലേക്ക്‌ എല്ലാ വാഹനങ്ങളും എത്തുന്നതോടെ ഇവിടം ഗതാഗതക്കുരുക്കിന്റെ പിടിയിലാവും. വാഹനങ്ങളിലെ ആക്രിയുടെ തൂക്കം നോക്കുന്നതും ഇവിടെയുള്ള വേ ബ്രിഡ്ജുകളിലാണ്. ഈ ഭാഗത്തും പാതക്കിരുവശവും വലിയ വാഹനങ്ങൾ ഊഴം കാത്ത് പാർക്കു ചെയ്യുന്നതും ആക്രിസാധനങ്ങൾ പാതയോരത്ത് കൂട്ടിയിടുന്നതും പതിവായിരിക്കുകയാണ്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും.

വാഹനങ്ങളിൽ സമയത്തിന് കുട്ടികളെ സ്കൂളിലെത്തിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. അടിയന്തിരമായി ആശുപത്രിയിൽ വാഹനത്തിൻ പോകുന്ന രോഗികളും വിഷമത്തിലാണ്.

ഇതുവഴിയാണ് കാർക്കാട് പരുത്തിപ്ര, ഷൊർണൂർ, ചെറുതുരുത്തി, കാരക്കാട് റെയിൽവെസ്റ്റേഷൻ എന്നിവടങ്ങളിലേക്കുള്ള യാത്രക്കാരും ചെറിയ വാഹനങ്ങളിലാണ് പോകുന്നത്. ബസ് സർവിസുകളുമുണ്ട്. ഇപ്പാൾ ഏറെ പരാതികളും നാട്ടുകാരിൽനിന്ന് വരുന്നുണ്ട്.

​ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വിജയന്റെ അധ്യക്ഷതയിൽ പ്രശ്നപരിഹാരത്തിനായ വിപുലമായ യോഗം കഴിഞ്ഞ ദിവസം ചേരുകയുണ്ടായി. വ്യാപാരികളും ആക്രികച്ചവടക്കാരും വേ ബ്രിഡ്ജ് ഉടമകളും മോട്ടോർ ഡ്രെവർമാരും ബന്ധപ്പെട്ടവരും പങ്കെടുത്തിരുന്നു. കയറ്റിറക്കങ്ങൾ സമയബന്ധിതമാക്കുക, ആർ.ടി.ഒ. പരിശോധനകൾ നടത്തുക, വാഹനങ്ങൾ ഒതുക്കി നിർത്തിയിടുക തുടങ്ങിയവയായിരുന്നു തീരുമാനം. ഇവ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.