33 വർഷമായി യാത്ര സൈക്കിളിൽ; ഇത് കൈതച്ചിറയുടെ സ്വന്തം പോസ്റ്റ്മാൻ

#സി. അനിൽകുമാർ

ഇന്ന് ലോക തപാൽദിനം

മണ്ണാർക്കാട്: പച്ചപ്പുനിറഞ്ഞ നാട്ടുവഴികളിലൂടെ സൈക്കിൾചവിട്ടി കത്തുകളുമായി പോകുന്ന പോസ്റ്റ്മാൻ. സിനിമാരംഗങ്ങളെ ഓർമ്മിപ്പിക്കുന്ന ദൃശ്യം ഇന്നും മണ്ണാർക്കാട് കൈതച്ചിറയിലെ നാട്ടുവഴികളിലുണ്ട്. അരകുറുശ്ശി കിഴിയേടത്ത് ശ്രീകുമാരനാണ് സൈക്കിളിൽ തപാൽ ഉരുപ്പടികളുമായി യാത്ര തുടരുന്നത്.

മണ്ണാർക്കാട് ഹെഡ് പോസ്റ്റോഫീസിനു കീഴിലുള്ള കൈതച്ചിറ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ്മാനാണ് ശ്രീകുമാരൻ. 1993-ലാണ് ജോലിക്കുകയറിയത്. 33 വർഷമായി സൈക്കിൾമാത്രമാണ് ഉപയോഗിക്കുന്നതെന്നു ശ്രീകുമാരൻ പറയുന്നു.

രാവിലെ 11-ഓടെ തുടങ്ങുന്ന തപാൽവിതരണം വൈകീട്ട് 4.30-നാണ് അവസാനിക്കുക. ദിവസം 25 കിലോമീറ്ററോളം യാത്രയുണ്ട്. ഗൾഫിൽനിന്ന് ബന്ധുക്കളയക്കുന്ന കത്തുകൾ വാങ്ങാൻ സൈക്കിൾബെല്ലിനായി കാത്തിരിക്കുന്ന വീട്ടുകാരുണ്ടായിരുന്നുവെന്ന് അദ്ദേഹം ചിരിയോടെ ഓർക്കുന്നു. ഇന്ന്, ഇൻലെൻഡുകളും ബുക്കുകളും കൊറിയർ സാധനങ്ങളുമാണ് കൂടുതൽ. ഭാരക്കൂടുതലുണ്ടെങ്കിൽ ചാക്കിലാക്കി സൈക്കിളിന്റെ പിന്നിൽവെച്ച് കെട്ടിയാണ് യാത്ര.

ആദ്യത്തെ സൈക്കിൾ 15വർഷം ഉപയോഗിച്ചതിനുശേഷമാണു മാറ്റിയത്. രണ്ടാമത്തെ സൈക്കിളാണ് ഇപ്പോഴുള്ളത്. സൈക്കിളിലാകുമ്പോൾ നാട്ടുകാരോടെല്ലാം സൗഹൃദം പങ്കിടാൻ എളുപ്പമാണെന്ന് ശ്രീകുമാരൻ പറയുന്നു. ആരോഗ്യത്തിനും നല്ലതാണ്. 60 വയസ്സായിട്ടും ഒരുതരത്തിലുമുള്ള അസുഖങ്ങൾ ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

മാസപ്പറമ്പിൽനിന്നു യാത്ര തുടങ്ങി തത്തേങ്ങലം, കൽക്കടി, പുളിഞ്ചോട് മുക്കാട്, കാളക്കാട് എന്നിവിടങ്ങളിലൂടെയൊക്കെ പോകും. പാട്ടുപാടലാണ് യാത്രയിലെ വിനോദം. പഴയഗാനങ്ങളും മൂളി ബെല്ലടിച്ച് പോകുമ്പോൾ അത് പോസ്റ്റുമാനാണെന്ന് നാട്ടുകാരും തിരിച്ചറിയും.

വിരമിക്കാൻ ഇനി അഞ്ചുവർഷംകൂടിയുണ്ട്. മാതാപിതാക്കളായ കൃഷ്ണൻനായരും പത്മാവതിയമ്മയും മരിച്ചിട്ട് വർഷങ്ങളായി. അവിവാഹിതനായ ശ്രീകുമാരൻ, ജേഷ്ഠൻ കുഞ്ഞുക്കുട്ടന്റെ കൂടെയാണ് താമസം. വീടിനോടുചേർന്ന് ചെറിയ പെട്ടിക്കടയുമുണ്ട്. രാവിലെയും വൈകീട്ടു ജോലി കഴിഞ്ഞെത്തിയാലുമാണ് കടതുറക്കുക.

ജോലിയിൽനിന്ന് വിരമിച്ചശേഷം സൈക്കിളിൽ ശബരിമലയിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്നു ശ്രീകുമാരൻ പറയുന്നു.