കനാലും പൊതുവഴിയും കൈയേറി നടത്തിയ നിർമാണങ്ങൾ നീക്കി

തിരുപ്പൂർ : ഉടുമൽപേട്ടയ്ക്കുസമീപം പെരിയപട്ടിയിൽ കാനാലും പൊതുവഴിയും കൈയേറി സ്വകാര്യ കോഴിഫാം നടത്തിയ നിർമാണങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർചേർന്ന് പൊളിച്ചുനീക്കി. സമീപ ദിവസങ്ങളിൽ കർഷകർനടത്തിയ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് നടപടി.
കൊമരലിംഗം, പെരിയപട്ടി ഭാഗങ്ങളിൽനിന്നുള്ള മഴവെള്ളം ഉപ്പാർ അണക്കെട്ടിലെത്തിക്കുന്ന ഉപ്പാർ കനാലും പെരിയപട്ടിയിലെ കൃഷിയിടങ്ങളിലേക്കുപോകുന്ന വഴിയും കോഴിഫാം നടത്തിപ്പുകാർ കൈയേറിയെന്നാരോപിച്ചാണ് വിവിധ കർഷകസംഘടനാ പ്രതിനിധികൾ പ്രതിഷേധിച്ചത്.
വസ്തുത പരിശോധിച്ച് നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു.
തുടർന്ന്, ഉദുമൽപേട്ട തഹസിൽദാർ അരുണയുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തി പരിശോധിച്ചശേഷമാണ് കൈയേറ്റങ്ങൾ പൊളിച്ചുനീക്കിയത്.