അമ്പലപ്പാറ-മുരുക്കുംപറ്റ പാതയുടെ നവീകരണം തുടങ്ങി

അമ്പലപ്പാറ : ജൽജീവൻ പദ്ധതിയിൽ പൈപ്പിടാൻ പൊളിച്ചതിനാൽ തകർന്ന അമ്പലപ്പാറ-മുരുക്കുംപറ്റ പാതയുടെ നവീകരണം ഒടുവിൽ തുടങ്ങി. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി മൂന്നരക്കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ്‌ നേതൃത്വത്തിൽ നവീകരിക്കുന്നത്. അമ്പലപ്പാറ ചന്തപ്പുരമുതൽ മുരുക്കുംപറ്റ മോട്ടോർവാഹന വകുപ്പിന്റെ എ.ഐ. ക്യാമറ സ്ഥാപിച്ചതിനുസമീപംവരെയാണ് റബ്ബറൈസ് ചെയ്ത്‌ നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ചുനങ്ങാട് മലപ്പുറം ആയുർവേദ ആശുപത്രി സ്റ്റോപ്പിനുസമീപം കലുങ്ക് നിർമാണം തുടങ്ങി.

ഇതുകൂടാതെ അമ്പലപ്പാറ തൗഫീഖ്‌ പടി ഭാഗത്തും കലുങ്ക് നിർമിക്കും. മഴവെള്ളം കെട്ടിനിന്ന് റോഡ് തകരുന്നത് പരിഗണിച്ചാണ് കലുങ്കുകളുടെ നിർമാണം. ചുനങ്ങാട് മലപ്പുറം പെട്രോൾ പമ്പിന് സമീപവും തിരുണ്ടി വളവിലും മഴവെള്ളച്ചാലുകൾ നിർമിക്കുന്നുണ്ട്. ഫണ്ടിനനുസരിച്ച് കൂടുതൽ പ്രശ്നങ്ങളുള്ള ഭാഗത്തുകൂടി മഴവെള്ളചാൽ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തേ ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ ചുനങ്ങാട് സ്കൂൾ റോഡ് മുതൽ മുരുക്കുംപറ്റവരെ ക്യാമറ സ്ഥാപിച്ച്‌ നവീകരിച്ചിരുന്നു. അതുപോലെ ചന്തപ്പടിമുതൽ പാലച്ചുവട് വരെയും നവീകരിക്കയുണ്ടായി.

പത്ത് കിലോമീറ്റർവരുന്ന പാതയിലെ ബാക്കി ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്നത്. ഒറ്റപ്പാലംമുതൽ ചുനങ്ങാട് വരെ നവീകരിക്കുന്നതിന് 3.17 കോടി രൂപയുടെ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

2020 മുതലാണ് അമ്പലപ്പാറ പഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുടെ ജോലി തുടങ്ങുന്നത്. റോഡിന്റെ വശങ്ങളിൽ പൈപ്പ്‌ ലൈൻ സ്ഥാപിക്കലായിരുന്നു പ്രധാന പണി.

വ്യാസം കൂടിയതും കുറഞ്ഞതുമായ പൈപ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി പൊളിച്ചതോടെ റോഡിന്റെ പല ഭാഗങ്ങളും മുഴുവനായി തകർന്ന്‌ യാത്ര ദുഷ്കരമായി. മഴകൂടി പെയ്തതോടെ തകർച്ചയുടെ വ്യാപ്തി വർധിച്ചു.

അതേസമയം തകർന്നുകിടക്കുന്ന പാതയിൽ താത്കാലിക കുഴിയടയ്ക്കൽ പുനരാരംഭിച്ചു. തൊഴിലാളികളെ ലഭിക്കാത്തതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പണിയാണ് വീണ്ടും തുടങ്ങിയത്. ഒറ്റപ്പാലംമുതൽ മംഗലാംകുന്ന് വരെയാണ് കുഴികളടയ്ക്കുന്നത്.