ദീപാവലിയാഘോഷത്തിനൊരുങ്ങി തമിഴകം

ദീപാവലിത്തിരക്ക് കുറയ്ക്കാൻ 2,895 സ്‌പെഷ്യൽ ബസുകൾ

കോയമ്പത്തൂർ : ദീപാവലിത്തിരക്ക് നിയന്ത്രിക്കാൻ കോയമ്പത്തൂർ ജില്ലയിൽ 2895 സ്‌പെഷ്യൽ ബസുകൾ ഓടിച്ചുതുടങ്ങിയതായി ട്രാൻസ്‌പോർട്ട് കോർപറേഷൻ അധികൃതർ. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ബസുകൾ സർവീസ് നടത്തുക. കഴിഞ്ഞ വർഷത്തെക്കാൾ 200 ബസുകൾ അധികം അനുവദിച്ചിട്ടുണ്ട്.

സിങ്കാനല്ലൂർ സ്റ്റാൻഡിൽനിന്ന് മധുര, തേനി, ദിണ്ടിക്കൽ തുടങ്ങിയ തെക്കൻ ജില്ലകളിലേക്ക് 1,210 ബസുകളും സൂളൂർ സ്റ്റാൻഡിൽനിന്ന് തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട, കാരയ്ക്കുടി, കരൂർ ഭാഗങ്ങളിലേക്ക് 350 ബസുകളും സർവീസ്‌ നടത്തും. ഗാന്ധിപുരം സെൻട്രൽ സ്റ്റാൻഡിൽനിന്ന് മേട്ടുപ്പാളയം, സത്യമംഗലം, ഈറോഡ്, സേലം, തിരുപ്പൂർ ഭാഗങ്ങളിലേക്ക് 610 ബസുകളും പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി, പാലക്കാട് ഭാഗങ്ങളിലേക്ക് 110 ബസുകളും സർവീസ് നടത്തും. മേട്ടുപ്പാളയത്തുനിന്ന് 110 ബസുകളും ഊട്ടി ഭാഗത്തേക്ക് 195 ബസുകളും ഓടിക്കും. പൊള്ളാച്ചി സ്റ്റാൻഡിൽനിന്ന് 310 ബസുകൾ സർവീസ് നടത്തും.

തെക്കൻ ജില്ലകളിൽ നിന്നുള്ള ബസുകളെല്ലാം സിങ്കാനല്ലൂരിൽ യാത്ര അവസാനിപ്പിക്കും. സ്വകാര്യ ബസുകൾ കൊഡീസിയ മൈതാനത്ത് നിന്നായിരിക്കും സർവീസ് നടത്തുക.

ദീപാവലിക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗാന്ധിപുരം, ഉക്കടം ഭാഗങ്ങളിൽ താത്‌കാലിക പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതായി കോർപറേഷൻ അധികൃതർ അറിയിച്ചു. നഗരത്തിൽ ഏറ്റവും കൂടുതൽ തുണിക്കടകളും മറ്റുമുള്ളത് ഗാന്ധിപുരത്തും ഉക്കടത്തുമാണ്. രണ്ടിടത്തും പാർക്കിങ്ങിന് വിപലുമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങിന് വരുന്നവർ നിർദിഷ്ട സ്ഥലങ്ങളിൽ മാത്രമെ വണ്ടികൾ പാർക്ക് ചെയ്യാവൂ എന്ന് അധികൃതർ അറിയിച്ചു.