അപകടക്കുഴികൾ താണ്ടണം, വാണിയംകുളം-കോതകുറുശ്ശി റോഡിൽ

കുഴികളിൽ വീണ് യാത്രക്കാർ

അനങ്ങനടി : വാണിയംകുളം-കോതകുറുശ്ശി റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്. കോതകുറുശ്ശിമുതൽ വാണിയംകുളംവരെയുള്ള പലഭാഗത്തും റോഡിൽ വലിയ കുഴികളുള്ളതാണ് കാരണം. നല്ല റോഡാണെന്നു കരുതി വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് അപകടഭീഷണിയാണിവ.

മഴപെയ്തതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം ഇരുചക്രവാഹന യാത്രികരാണ് കൂടുതലായും കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളം കെട്ടിനിന്ന് ഇവ വലിയ കുഴികളായി. ഇതിനുപുറമേ വളവുകളിലുള്ള അപകടക്കുഴികളെയും പേടിക്കണം. വാഹനങ്ങൾക്ക് ഇതോടെ കേടുപാടുകളും.

വാണിയംകുളം പഴയ സിനിമാ തിയേറ്റർ, കാറ്റാടിപ്പടി, പത്തംകുളം, കോതകുറുശ്ശി, പനമണ്ണയടക്കമുള്ള പലഭാഗങ്ങളിലും റോഡിൽ നിറയെ കുഴികളാണ്. ഒട്ടേറെ സ്വകാര്യബസുകളും സ്കൂൾബസുകളും ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്ന പാതയാണിത്. നിലവിൽ റോഡ് നവീകരണത്തിന്റെ ഒന്നാംഘട്ടത്തിനുശേഷം രണ്ടുവർഷത്തോളമായി പണി നിലച്ചിരിക്കുകയായിരുന്നു.

എന്നാൽ, വീണ്ടും പണികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ റോഡിന്റെ വശത്തെ അരികുചാൽ പണികളാണ് ഇപ്പോൾ നടക്കുന്നത്. നല്ല പാതയാണെന്നു കരുതി വാഹനങ്ങൾ വേഗത്തിലാണ് ഇതുവഴി യാത്രചെയ്യുന്നത്.

ആറുവർഷത്തിലേറെയായി റോഡ് നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ മേഖലകളിലേക്കുള്ള പ്രധാനപാതകൂടിയാണിത്.

അപകടക്കുഴികൾ താത്കാലികമായിട്ടെങ്കിലും അടയ്ക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തേ

റോഡിലെ അപകടക്കുഴികൾ താത്കാലികമായി അടച്ചിരുന്നു. എന്നാൽ, വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നെന്ന് കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു.