പൊതുഖജനാവ് കൊള്ളയടിക്കുന്നത് പീഡിപ്പിക്കുന്നതിന് തുല്യമെന്ന് എടപ്പാടി പളനിസാമി

തിരുപ്പൂർ : കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്തിയവർക്ക് ധാരാപുരത്തെ വോട്ടർമാർ ഉചിത മറുപടി നൽകണമെന്ന ആഹ്വാനവുമായി എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. ധാരാപുരം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ. സ്ഥാനാർഥി കെ. ഭാനുമതിക്കായി ധാരാപുരം നഗരം, കൊളത്തുപാളയം, ഉപ്പുതുറപാളയം, കന്നിവാടി, മൂലനൂർ എന്നിവിടങ്ങളിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വിജയിച്ച പാർട്ടിയുടെ എല്ലാ എം.എൽ.എ.മാരുംതന്നെവന്ന് കണ്ടിരുന്നു. അതിനുശേഷമാണ് സത്യഭാമ ഉൾപ്പെടെ ചിലർ ടി.വി.കെ.യിലേക്ക് കൂറുമാറിയത്. കുതിരക്കച്ചവടമാണെന്ന് തെളിയിക്കുന്ന വിധം ഇപ്പോൾ ആ കക്ഷിയുടെ സ്ഥാനാർഥിയായി സത്യഭാമ മത്സരിക്കയാണ്.
അവർക്ക് കെട്ടിവെച്ച തുകപോലും കിട്ടാത്തവിധത്തിലുള്ള തോൽവി ധാരാപുരത്തെ വോട്ടർമാർ നൽകണം.
മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് സാധാരണക്കാരെയോ, കർഷകരെയോ കുറിച്ച് ചിന്തയില്ലെന്നും 'ചെലവേറിയ മുഖ്യമന്ത്രി' യായി പ്രവർത്തിക്കുന്നെന്നും പളനിസാമി കുറ്റപ്പെടുത്തി. ലണ്ടനിലോ ചന്ദ്രനിലോ എവിടെവേണമെങ്കിലും പോകാം. പക്ഷേ, നികുതിദായകരുടെ പണം ധൂർത്തടിക്കരുത്. മേട്ടൂർ അണക്കെട്ടിലെ വെള്ളംതുറക്കാൻ മുഖ്യമന്ത്രി വന്നതിന് ചെലവ് 4.5 കോടി രൂപയാണ്.
സംസ്ഥാനം പണഞെരുക്കം അനുഭവപ്പെട്ടുകൊണ്ടരിക്കുന്ന സമയത്ത് 1,200 കോടി ചെലവിൽ സംയോജിത അസംബ്ലി-സെക്രട്ടേറിയറ്റ് സമുച്ചയം പണിയാൻ ശ്രമിക്കുന്നു. ഇതെല്ലാം പൊതുജനങ്ങളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്.
സംസ്ഥാനത്ത് സർവത്ര അഴിമതിയാണ് നടക്കുന്നത്. ഈയടുത്ത ദിവസങ്ങളിൽ കോർപറേഷൻ-നഗരസഭാ കാര്യാലയങ്ങളിൽ നടന്ന വിജിലൻസ് പരിശോധനയിൽ വരവിൽ ചേർക്കാത്ത 1.73 കോടി രൂപ പിടിച്ചെടുത്തത് അതിനുദാഹരണമെന്നും അദ്ദേഹം ആരോപിച്ചു.