മൾട്ടിന്യൂട്രിയന്റ് മിക്‌സ്ചർ പ്രൊഡക്ഷൻ യൂണിറ്റും ബയോ കൺട്രോൾ ലാബും കർഷകർക്ക് തുണയാകും

പട്ടാമ്പി : പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നൂറാംവാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കർഷകർക്ക് തുണയായി രണ്ട് പുതിയ പദ്ധതികൾകൂടി. മൾട്ടിന്യൂട്രിയന്റ് മിക്‌സ്ചർ പ്രൊഡക്ഷൻ യൂണിറ്റും ബയോ കൺട്രോൾ ലാബുമാണ് പുതുതായി പ്രവർത്തനമാരംഭിക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ പട്ടാമ്പി കേന്ദ്രത്തിൽ ആർ.കെ.വി.വൈ.യുടെ 100 ശതമാനം സാമ്പത്തികസഹായത്തോടുകൂടി, 1.43 കോടി രൂപ ചെലവിലാണ് മൾട്ടിന്യൂട്രിയന്റ് മിക്‌സ്ചർ പ്രൊഡക്ഷൻ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്.
കെട്ടിടനിർമാണം പൂർത്തീകരിച്ചു. യന്ത്രസാമഗ്രികളുടെ സജ്ജീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ച സമ്പൂർണ കെ.എ.യു. മൾട്ടി മിക്‌സ് നെല്ല്, സമ്പൂർണ കെ.എ.യു. മൾട്ടിമിക്‌സ് പച്ചക്കറി, സമ്പൂർണ കെ.എ.യു. മൾട്ടിമിക്‌സ് വാഴ ഇപ്പോൾ തന്നെ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ വിപൂലീകരണവും കല്പപോഷക്, കല്പവർധിനി തുടങ്ങിയ മിശ്രിതങ്ങളും ഉടൻതന്നെ കർഷകർക്ക് ഈ പദ്ധതിയിലൂടെ ലഭ്യമാകും. കേരളത്തിന്റെ മണ്ണിൽ കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ബോറോൺ, സിങ്ക് എന്നീ പോഷകമൂലകങ്ങളുടെ അഭാവമുണ്ടെന്ന് കേരള കാർഷിക സർവകലാശാലയും മറ്റ് ഏജൻസികളും നടത്തിയ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമായതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് കാർഷിക സർവകലാശാലയും മറ്റ് ഏജൻസികളും സി.പി.സി.ആർ.ഐ.(സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ) പോലുളള സ്ഥാപനങ്ങളും നിരവധി പോഷക മൂലക മിശ്രിതക്കൂട്ടുകൾ തയ്യാറാക്കിയിട്ടുളളത്. ഈ കൂട്ടുകൾ കർഷകർക്ക് ലഭ്യമാക്കും. ഇവയുടെ ഉപയോഗം വഴി, വിളവ് കുറവിനും പരിഹാരം ലഭിക്കും.
ബയോ കൺട്രോൾ ലാബ്
അത്യാധുനിക സൗകര്യങ്ങളോടുകൂടി, ബയോ കൺട്രോൾ ലാബും വന്നിട്ടുണ്ട്.
90 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ 100 ശതമാനം സാമ്പത്തിക സഹായത്തോടുകൂടിയാണ് ഇത് നടപ്പാക്കുന്നത്.
ജൈവകീടനിയന്ത്രണത്തിന് ആവശ്യമായ മിത്രകുമിളുകൾ, പാലക്കാട്ടെ കർഷകർക്ക് മിതമായ നിരക്കിലും ഉയർന്ന ഗുണമേന്മയിലും എത്തിക്കുകയാണ് ലാബ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടർ ഡോ. വി. തുളസി പറഞ്ഞു.
നെല്ല്, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ, ഫലവർഗവിളകൾ തുടങ്ങിയവയുടെ കർഷകർക്ക് ബിവേറിയ, മെറ്റാറൈസിയം, ലേകാനിസിലിയം, പിസിലോമൈസസ് തുടങ്ങിയ മിത്രകുമിൾ ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തെക്കുറിച്ചു കൂടുതൽ അവബോധം കൊടുക്കുകയാണ് ലക്ഷ്യം.
പ്രകൃതികൃഷി, ജൈവക്കൃഷി തുടങ്ങിയ കൃഷിരീതികൾക്കു ഇത്തരം പദ്ധതികൾ കൂടുതൽ ഊർജം പകരും.