ഊട്ടറ പാലംനിർമാണം, തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി

കൊല്ലങ്കോട് : പുതുനഗരം-കൊല്ലങ്കോട് പ്രധാനപാതയിൽ ഗായത്രിപ്പുഴയ്ക്കുകുറുകേ ഊട്ടറയിൽ പുതിയപാലത്തിന്റെ പണികൾ പുരോഗമിക്കുന്നു. നിലവിലുള്ള പാലത്തിനുസമാന്തരമായി പടിഞ്ഞാറുഭാഗത്ത് അറുപത് മീറ്ററിലധികം നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ മൂന്നു തൂണുകളുടെ നിർമാണം പൂർത്തിയായതോടെ ഇവയ്ക്കുമുകളിൽ വലിയ ഗർഡറുകൾ സ്ഥാപിക്കാൻതുടങ്ങി. ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനായി രണ്ട് ക്രെയിനുകൾ പുഴയ്ക്കുള്ളിൽ ഉറപ്പിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
പഴയപാലവും പുതിയപാലവും തമ്മിൽ അകലം കുറവായതിനാൽ ഗർഡറുകൾ തൂണുകൾക്കുമുകളിൽ ഉറപ്പിക്കുന്ന സമയങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് പഴയപാലത്തിലൂടെ വലിയവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിൽ നീരൊഴുക്ക് കുറവായതിനാൽ പണി സുഗമായി നടക്കുന്നുണ്ടെന്ന് കരാർ കമ്പനി ജീവനക്കാർ പറഞ്ഞു.
മൂന്നു സ്പാനുകൾക്കുമുകളിലായി 11.05 മീറ്റർ വീതിയിലുള്ള ഗർഡറുകളാണ് സ്ഥാപിക്കുന്നത്. ഇവ സ്ഥാപിച്ചുകഴിയുന്നതോടെ പാലത്തിന്റെ ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണവും പൂർത്തിയാക്കേണ്ടതുണ്ട്. കൊല്ലങ്കോട് ഭാഗത്തേക്ക് 58 മീറ്ററും പുതുനഗരം ഭാഗത്തേക്ക് 72 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് നിർമിക്കേണ്ടത്.
1940-ൽ പണിത, നിലവിലുള്ള പാലത്തിന്റെ ബലക്ഷയം കണക്കിലെടുത്താണ് ഊട്ടറയിൽ പുതിയപാലം നിർമിക്കുന്നത്.