പെരുമാട്ടിയിൽ നെല്ലിൽ ബാക്ടീരിയൽ ഓലകരിച്ചിൽ വ്യാപകം

ബാക്ടീരിയൽ ഓല കരിച്ചിൽ വ്യാപകമായ പെരുമാട്ടി പഞ്ചായത്തിലെ നെൽപ്പാടം
ബാക്ടീരിയൽ ഓല കരിച്ചിൽ വ്യാപകമായ പെരുമാട്ടി പഞ്ചായത്തിലെ നെൽപ്പാടം

ചിറ്റൂർ: പെരുമാട്ടി കൃഷിഭവൻ പരിധിയിലെ ഒട്ടുമിക്ക പാടങ്ങളിലും ബാക്ടീരിയൽ ഓലകരിച്ചിൽ രോഗലക്ഷണങ്ങൾ. കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രം നടത്തിയ കീടരോഗ സർവേയിലാണ് രോഗബാധ കണ്ടെത്തിയത്.

രോഗലക്ഷണങ്ങൾ ഇങ്ങനെ

നെൽച്ചെടിയുടെ പുറത്തുള്ള ഓലകൾക്ക് ആദ്യം വാട്ടം വരികയും തുടർന്ന് ഉണങ്ങി വൈക്കോൽ പോലെയാകുന്നതുമാണ് പ്രധാന ലക്ഷണമെന്ന് കൃഷി ഓഫീസർ അരുണിമ പറഞ്ഞു. രോഗം രൂക്ഷമായാൽ  അനുകൂല കാലാവസ്ഥയിൽ അതിവേഗം വർധിക്കുകയും മണ്ണിലൂടെയും വെള്ളത്തിലൂടെയും കാറ്റിലൂടെയും പടരുകയും ചെയ്യും.

രോഗം ബാധിച്ച നെൽച്ചെടി പിഴുതെടുത്ത് ചെളിയും മണ്ണും കഴുകി, വേരിനോട് ചേർത്ത് മുറിച്ച് ഒരു സ്ഫടിക പാത്രത്തിലെ വെള്ളത്തിൽ ഇറക്കിവെച്ചാൽ, മുറിച്ച ഭാഗത്തുനിന്ന് വെളുത്ത നൂൽ പോലെ ബാക്ടീരിയ ഊറിവരുന്നത് കാണാമെന്നും കൃഷി ഓഫീസർ വ്യക്തമാക്കി.

നിയന്ത്രണ മാർഗങ്ങൾ

രോഗം വരാതിരിക്കാൻ നെൽപ്പാടത്ത് ഏക്കറിന് നാല് കിലോ ബ്ലീച്ചിങ് പൗഡർ ചെറിയ കിഴികളാക്കി പല ഭാഗങ്ങളിലായി ഇടണമെന്നും കഴായിൽ അല്പം അധികം ഇടണമെന്നും കൃഷി ഓഫീസർ നിർദേശിച്ചു.

മുൻകരുതലായി 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തെളി എടുത്ത് പാടത്തിന്റെ എല്ലാ ഭാഗത്തും തളിക്കുകയോ, പച്ചച്ചാണകം പല ഭാഗങ്ങളായി ഇടുകയോ, ചാക്കിൽ കെട്ടിയ ചാണകം കഴായിൽ വെക്കുകയോ ചെയ്യാവുന്നതാണ്.

ആന്റിബയോട്ടിക് പ്രയോഗം രൂക്ഷമായാൽ 

രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാത്രം കെ സൈക്ലിൻ 40 ഗ്രാം 200 ലിറ്റർ വെള്ളത്തിലോ, ടാഗ്മൈസിൻ 40 ഗ്രാം 200 ലിറ്റർ വെള്ളത്തിലോ, സ്ട്രെപ്റ്റോസൈക്ലിൻ 40 ഗ്രാം 200 ലിറ്റർ വെള്ളത്തിലോ ചേർത്ത് തളിക്കണം. ഇതോടൊപ്പം പോള അഴുകൽ തടയാൻ പ്രൊപ്പിക്കോണസോൾ രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിലോ, ടെബുകോണസോൾ 50 ശതമാനം + ട്രൈഫ്ലോക്സിസ്ട്രോബിൻ 25 ശതമാനം 4 ഗ്രാം 10 ലിറ്റർ വെള്ളത്തിലോ തളിക്കണമെന്നും കൃഷിഭവൻ അറിയിച്ചു.