റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

റഷ്യൻ ആക്രമണത്തില്‍ തകര്‍ന്ന കീവിലെ കെട്ടിടത്തിന് സമീപം യുക്രൈൻ സൈനികര്‍ | AFP
റഷ്യൻ ആക്രമണത്തില്‍ തകര്‍ന്ന കീവിലെ കെട്ടിടത്തിന് സമീപം യുക്രൈൻ സൈനികര്‍ | AFP

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈന്‍. യു.എസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. പരിഷ്‌കരിച്ച യുഎസ് സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍ ആഴത്തിലുള്ള കരാറുകളിലേക്ക് നയിച്ചേക്കാമെന്നും എന്നാല്‍ പലതും യു.എസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ പക്ഷത്തുനിന്നും പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു. പലതും അമേരിക്കയെ ആശ്രയിച്ചിരിക്കുന്നുവെന്നും തന്റെ ദൈനംദിന പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

റഷ്യയുടെ ഏകദേശം നാല് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതിയുടെ ആദ്യ പതിപ്പ് റഷ്യയ്ക്ക് അനുകൂലമാണെന്ന് വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും, അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. യു.എസ്- യുക്രൈന്‍ നേതാക്കള്‍ ജനീവയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സമാധാന പദ്ധതി യുക്രൈനുകൂടി സ്വീകാര്യമാകുന്ന തരത്തിലേക്ക് മാറ്റിയത്. പുതിയ യുഎസ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുക്രൈന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി ചൊവ്വാഴ്ച വ്യക്തമാക്കി. പ്രധാനപ്പെട്ട വിഷയങ്ങള്‍' ചര്‍ച്ച ചെയ്യാന്‍ ട്രംപിനെ കാണാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ പങ്കാളികളാകാന്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ റഷ്യന്‍ നേതാവ് വ്ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്‌കോയിലേക്ക് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. അഭിപ്രായവ്യത്യാസമുള്ള കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നത്.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസിന്റെയും റഷ്യയുടെയും പ്രതിനിധികള്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രൈയ്‌നെ പിന്തുണയ്ക്കുന്ന 30 രാജ്യങ്ങളുടെ കൂട്ടായ്മയിലെ നേതാക്കളും ചൊവ്വാഴ്ച വീഡിയോ വഴി യോഗം ചേര്‍ന്നു.

യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് വിലക്കുക, പുതിയ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കാന്‍ രാജ്യത്തോട് ആവശ്യപ്പെടുക എന്നീ വിവാദ നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ട്രംപ് മുന്നോട്ടുവെച്ച ആദ്യത്തെ സമാധാന പദ്ധതി. ഇതിന് പകരം മുന്നോട്ടുവെച്ച പദ്ധതിയില്‍ യുക്രൈന് അനുകൂലമായ ചില നിര്‍ദ്ദേശങ്ങളുമുണ്ടെന്നാണ് വിവരം. സൈനികരുടെ എണ്ണം 600,000-ത്തില്‍ നിന്ന് 800,000 ആയി ഉയര്‍ത്താനുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം.

സമാധാന ചര്‍ച്ചകള്‍ ഒരുവഴിക്ക് നടക്കുമ്പോള്‍ 2022-ല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം ഒരു കുറവുമില്ലാതെ തുടരുകയാണ്. റഷ്യന്‍ ഡ്രോണുകളും മിസൈലുകളും യുക്രൈനില്‍ നാശം വിതച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ ഒരുമണിയോടെ കീവില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നു. ഏഴുപേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നഗരത്തില്‍ താമസിക്കുന്ന പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്തേക്ക് പലായനം ചെയ്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Ukrainian President Zelensky sees potential for deeper agreements in a revised US peace plan to end the war with Russia. He highlights reliance on Washington and Trump`s engagement.