'യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് ശക്തിയുണ്ട്'; കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപ് സെലെൻസ്കി

വാഷിങ്ടണ്‍: നിലവിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഡൊണാള്‍ഡ് ട്രംപിന് ശക്തിയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. യുഎസ് പ്രസിഡന്റുമായി തിങ്കളാഴ്ച വാഷിങ്ടണ്‍ ഡിസിയില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പായിരുന്നു യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം.
ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. പ്രസിഡന്റ് ട്രംപിന് ആ ശക്തിയുണ്ടെന്നായിരുന്നു വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ വാക്കുകള്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിൻ്റെ പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും അദ്ദേഹം ചര്‍ച്ച നടത്തി. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുക്രൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ട്രംപുമായും യൂറോപ്യന്‍ നേതാക്കളുമായും വാഷിങ്ടണില്‍ നടക്കുന്ന കൂടിക്കാഴ്ച പ്രധാനചുവടുവെയ്പ്പാണ്. യുക്രൈനിലെ സമാധാനം എന്നാല്‍ യൂറോപ്പിന് മുഴുവനുമുള്ള സമാധാനമാണെന്നും ശക്തി ഉപയോഗിച്ച് മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് തള്ളിവിടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം റഷ്യ യുക്രൈനിലെ സാധാരണക്കാര്‍ക്ക് നേരേ നടത്തിയ ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. രണ്ടുകുട്ടികളടക്കം കഴിഞ്ഞദിവസം രാത്രിയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച ഡൊണാള്‍ഡ് ട്രംപും വൊളോദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. യൂറോപ്യന്‍നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍കാര്യത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച.
ലോകനേതാക്കളെ ഫോണില്‍വിളിച്ച് പുതിന്‍...
വാഷിങ്ടണില്‍ ട്രംപ്-സെലെന്‍സ്‌കി കൂടിക്കാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള വിവിധ നേതാക്കളുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ആശയവിനിമയം നടത്തി. തിങ്കളാഴ്ച വിവിധരാജ്യങ്ങളിലെ തലവന്മാരുമായി സംസാരിച്ച് നയതന്ത്രബന്ധങ്ങള്‍ ദൃഢമാക്കുന്ന തിരക്കിലായിരുന്നു പുതിന്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുലാ ഡാസില്‍വ, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസ, താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്‌മാന്‍ എന്നിവരുമായാണ് പുതിന്‍ ഫോണില്‍ സംസാരിച്ചത്. വെള്ളിയാഴ്ച അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെല്ലാം പുതിന്‍ ഇവരുമായി പങ്കുവെച്ചെന്നും ക്രംലിന്‍ അറിയിച്ചു.
Content Highlights: Zelensky Seeks Trump's Influence for Peace in Ukraine-Russia Conflict