പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള താലിബാന്റെ വിലക്കിനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ രൂക്ഷവിമർശനം

മലേഷ്യ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്മേൽ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ പരസ്യമായി ന്യായീകരിച്ചതിനെത്തുടർന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ രൂക്ഷവിമർശനം. താലിബാനെ പിന്തുണച്ചുകൊണ്ട് സാക്കിർ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ ചിത്രമാണ് നൽകുന്നതെന്ന് പറഞ്ഞ സാക്കിർ നായിക്ക്, പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം താലിബാൻ താത്ക്കാലികമായി നിർത്തിവെച്ചത് സ്ത്രീസുരക്ഷ മുന്നിൽക്കണ്ടാണെന്നും ഇസ്ലാമിക പഠനങ്ങളിലും ശരീഅത്തിലും അഫ്ഗാൻ സ്ത്രീകൾ മാസ്റ്റേഴ്സ് ബിരുദങ്ങളും പിഎച്ച്ഡികളും നേടാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വനിതാ അധ്യാപകരുടെ കുറവുള്ളതിനാൽ, അനുയോജ്യമായ അധ്യാപകരെ ലഭിക്കുന്നതുവരെ വിദ്യാഭ്യാസം വൈകിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, അഫ്ഗാനിസ്ഥാനിൽ ആറാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം ഇപ്പോഴും ലഭ്യമാണെന്നും വ്യക്തമാക്കി.
ഡോ. സാക്കിർ നായിക്കിനെപ്പോലെ ആഗോളതലത്തിൽ പ്രശസ്തനായ ഒരു ഇസ്ലാമിക പണ്ഡിതൻ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നത് അങ്ങേയറ്റം നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമായ കാര്യമാണെന്നും പരാമർശങ്ങളിൽ അപലപിക്കുന്നതായും വിദ്യാഭ്യാസ പ്രവർത്തക മലാല യൂസഫ്സായിയുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്സായ് പ്രതികരിച്ചു. ഗുരുതരമായ അനീതിയാണ് സാക്കിർ പറയുന്നതെന്നും അനിശ്ചിതകാല വിലക്കിനെ വെറുമൊരു താൽക്കാലിക പ്രശ്നമായി അവതരിപ്പിക്കുന്നതും വനിതാ അധ്യാപകരുടെ കുറവിനെക്കുറിച്ച് പറയുമ്പോൾ ആ കുറവ് എങ്ങനെ പരിഹരിക്കാമെന്ന് വിശദീകരിക്കാത്തതും സാക്കിറിന്റെ ന്യായീകരണത്തെ അവിശ്വസിനീയമാക്കി മാറ്റുന്നുവെന്ന് സിയാവുദ്ദീൻ ആരോപിച്ചു.
അഫ്ഗാനിസ്ഥാനിൽനിന്ന് പലായനംചെയ്ത പാർലമെന്റ് അംഗം മറിയം സുലൈമാൻഖിലും സാക്കിറിന്റെ പരാമർശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സാക്കിർ നായിക്കിനെ സംബന്ധിച്ച് അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കില്ലെന്നും അവർ വനിതാ അധ്യാപകരെ കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള അസാധാരണ യുക്തിയാണ് സാക്കിറിനുള്ളതെന്ന് പരിഹസിച്ച സുലൈമാൻഖിൽ, ജോലിചെയ്യുന്നതിൽനിന്ന് താലിബാൻ വിലക്കിയ അതേ വനിതാ അധ്യാപികമാരെക്കുറിച്ചാണോ സാക്കിർ പറയുന്നതെന്നും എക്സിൽ കുറിച്ചു. അങ്ങേയറ്റം അധാർമികരായ ജീവികൾ എന്ന പരാമർശത്തോടെ ഇന്ത്യൻ ചരിത്രകാരി രുചിക ശർമ്മയും സാക്കീറിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്.
യുണിസെഫിന്റെ കണക്കനുസരിച്ച്, താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
2016 ജൂലൈയിൽ ധാക്കയിലെ കഫേയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സാക്കിർ ഇന്ത്യയിൽനിന്ന് പലായനം ചെയ്തിരുന്നു. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തിൽനിന്നും നിയമനടപടികളിൽനിന്നും രക്ഷപ്പെടാനായി 2017-ൽ മലേഷ്യയിലേക്ക് മാറിയ സാക്കിർ നായിക്കിന് അവിടെ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു.
Content Highlights: Zakir Naik publicly justified the Taliban's restrictions on girls' education in Afghanistan., He claimed the ban is temporary and due to a shortage of female teachers., Ziauddin Yousafzai, Malala's father, and former Afghan MP Mariam Solaimankhil strongly condemned his remarks., UNICEF reports over 2.6 million Afghan girls have been denied secondary education since the Taliban took power.