'ചൈനീസ് പ്രസിഡന്റ് ഡൽഹിയിൽ ബോധരഹിതനായി വീണു' എന്ന് ചൈനീസ് വിമത നേതാവ്, എക്സിൽ കമ്യൂണിറ്റി നോട്ട്

ബീജിങ്: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബോധരഹിതനായി വീണെന്നും അടിയന്തര വൈദ്യസഹായത്തിനായി അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് തിരികെ കൊണ്ടുപോയെന്നും അവകാശപ്പെട്ട് വിമത നേതാവും ചൈന ഡെമോക്രസി പാർട്ടി ചെയർമാനുമായ വാൻജുൻ ഷീ എക്സിൽ പോസ്റ്റ് ചെയ്തു. ചൈനീസ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നതോടെ എക്സ് ഈ പോസ്റ്റിന് കമ്യൂണിറ്റിനോട്ട് നൽകിയിട്ടുണ്ട്. ഈ അവകാശവാദത്തെ സാധൂകരിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ലഭ്യമല്ലെന്നും വസ്തുതകളുമായി പൊരുത്തപ്പെടാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്യൂണിറ്റിനോട്ട്.
സെപ്റ്റംബർ 12-ന് ബ്രിക്‌സ് ഉച്ചകോടിക്കായി ഷി ജിൻപിങ് ന്യൂഡൽഹിയിലുണ്ടായിരുന്നു. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷിയും ഉഭയകക്ഷി ചർച്ച നടത്തുകയും അതിർത്തിയിലെ സമാധാനവും വ്യാപാരവുമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ചൈനീസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലേക്ക് ഷിയെ അടിയന്തര ചികിത്സയ്ക്കായി വിമാനത്തിൽ തിരികെ കൊണ്ടുപോയെന്നാണ് വാൻജുന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അവകാശപ്പെടുന്നത്. ചൈനയിൽ നിരോധിക്കപ്പെട്ട ചൈന ഡെമോക്രസി പാർട്ടിയുടെ (സിഡിപി) ചെയർമാനാണ് വാൻജുൻ ഷീ. ഇദ്ദേഹം നിലവിൽ യു.എസിലാണ് താമസിക്കുന്നത്.
ഏഴ് വർഷത്തിനിടെയുള്ള ഷി ജിൻ പിങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്. ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചയിലും പങ്കെടുത്ത അദ്ദേഹം, ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി മോദി ഒരുക്കിയ ഗാല ഡിന്നറിൽ (വിരുന്നിൽ) പങ്കെടുത്തിരുന്നില്ല.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും മറ്റ് നിരവധി ബ്രിക്സ് നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഷിയുടെ അഭാവത്തിൽ വിദേശകാര്യ മന്ത്രി വാങ് യീ ചൈനയെ പ്രതിനിധീകരിച്ചു. ഷിയുടെ അഭാവത്തെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിരുന്നില്ല. ഇത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ ഉച്ചകോടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച ഷി ജിൻ പിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നിർത്തി പ്രശ്നമൊന്നും ഇല്ലല്ലോ എന്ന് ചോദിക്കുന്ന വീഡിയോ പുറത്തുവന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഷിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേസമയം ബ്രിക്സ് ഉച്ചകോടിക്കുശേഷം മടങ്ങിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയുള്ള പ്രചാരണങ്ങളെ തള്ളിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.
ഡൽഹിയിൽനിന്ന് മടങ്ങിയശേഷം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്നിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത നിരവധി നേതാക്കൾക്ക് പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Dissident leader Wanjun Shi claimed Xi Jinping collapsed during the Delhi BRICS summit., X added a Community Note to the viral post stating lack of credible evidence., Xi missed the gala dinner hosted by PM Modi, leading to widespread speculation., Indian Ministry of External Affairs dismissed related fake health rumors of attending leaders.