100 ശതമാനം യു.എസ്. തീരുവ നടപ്പായാൽ വെല്ലുവിളി; പകരം വിപണി കണ്ടെത്താൻ കയറ്റുമതിക്കാർ

മുംബൈ: ഇന്ത്യൻ കയറ്റുമതി മേഖലയിൽ പ്രതിസന്ധി ഒഴിയുന്നില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് 100 ശതമാനം ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കമാണ് പുതിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. അമേരിക്കൻ കയറ്റുമതി വിപണിയിൽ അടിക്കടിയുണ്ടാകുന്ന ഇത്തരം അനിശ്ചിതത്വം വ്യാപാരത്തെ ബാധിക്കുമെന്നതിനാൽ പുതിയ വിപണികൾ കണ്ടെത്തി പ്രതിസന്ധിയെ അതിജീവിക്കാനാണ് കയറ്റുമതിക്കാർ ശ്രമിക്കുന്നത്.
റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന അഞ്ചുരാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്താൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് അമേരിക്ക കൊണ്ടുവന്ന ലിൻഡ്സേ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ നിയമം. അമേരിക്കയുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിൽ കടുംപിടിത്തം തുടരുന്ന ഇന്ത്യയെ സമ്മർദത്തിലാക്കുന്നതിനും ഈ ബിൽ ലക്ഷ്യംവെക്കുന്നുണ്ട്. അതേസമയം, സമ്മർദത്തിനു കീഴടങ്ങില്ലെന്നും രാജ്യത്തെ ഊർജസുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നുമാണ് ഇന്ത്യയുടെ നിലപാട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയമത്തിൽ ട്രംപ് ഒപ്പുവെച്ചത്. നികുതി ചുമത്തുന്നതിൽ ട്രംപ് തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അനിശ്ചിതത്വം മുൻനിർത്തി പുതിയ വിപണികൾ കണ്ടെത്തി മുന്നോട്ടുപോകാനാണ് കയറ്റുമതിക്കാരുടെ തീരുമാനം. കഴിഞ്ഞ രണ്ടുവർഷമായി അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ അടിക്കടി പ്രതിസന്ധികളുയർന്നു വരുന്നു. എതാനും മാസങ്ങളായി ഇതിന്റെ തീക്ഷ്ണത കുറഞ്ഞുനിൽക്കുകയായിരുന്നു. ട്രംപ് തീരുവ നടപ്പാക്കിയാൽ സ്ഥിതി വഷളാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ.) ഡയറക്ടർ ജനറൽ അജയ് സഹായ് പറഞ്ഞു. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നവർക്ക് ഇതിന്റെ ആഘാതം വളരെ വലുതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. ഇവിടെനിന്നുള്ള മൊത്തം കയറ്റുമതിയുടെ 20 ശതമാനത്തോളം വരുമിത്. ഇത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. മരുന്നുകൾ, ഐ.ടി. സേവനങ്ങൾ, ആഭരണങ്ങൾ, രത്നക്കല്ലുകൾ എന്നിവയുടെ കയറ്റുമതിയെയാകും കൂടുതൽ ബാധിക്കുക. അതേസമയം, തുണിത്തരങ്ങൾ, ചെമ്മീൻ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഇതിനകം ഇന്ത്യ പുതിയ വിപണികൾ കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി ഇന്ത്യ കൊണ്ടുവന്നിട്ടുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളും പ്രതിസന്ധിയിൽനിന്ന് ഒരളവുവരെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഗുണകരമാകും.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ ഉടനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെം ആൻഡ് ജൂവലറി കയറ്റുമതിയിൽ അമേരിക്കയ്ക്ക് ബദലായി യൂറോപ്യൻ യൂണിയൻ ഉയർന്നു വന്നേക്കാമെന്നും ജെം ആൻഡ് ജൂവലറി കയറ്റുമതി പ്രോത്സാഹന കൗൺസിൽ ചെയർമാൻ കിരിത് ഭൻസാലി പറഞ്ഞു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളതാണ് ഈ വിഭാഗം.
ആഘാതത്തെക്കുറിച്ച് പരിശോധിക്കുന്നതായി പീയൂഷ് ഗോയൽ
അമേരിക്ക തീരുവ നടപ്പാക്കിയാൽ കയറ്റുമതി രംഗത്തുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പരിശോധിക്കുന്നതായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. അമേരിക്കൻ ബിൽ നടപ്പായാൽ പ്രതിസന്ധി ഉടലെടുക്കാവുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ ഉചിതസമയത്ത് ചർച്ചകളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
Content Highlights: US legislation allows 100% tariffs on top five Russian oil-buying nations, targeting India., America is India's largest export market, accounting for nearly 20% of total exports., Sectors like pharmaceuticals, IT services, gems, and jewelry face the highest impact., Exporters are actively seeking alternative markets and leveraging Free Trade Agreements (FTAs).