പിടിച്ചെടുക്കുമെന്ന ഭീഷണി, പിന്നാലെ ഗ്രീൻലൻഡിന്റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്, ഡെൻമാർക്കുമായി ധാരണ

വാഷിങ്ടൺ: ഗ്രീൻലൻഡിന്റെ സുരക്ഷാ നിയന്ത്രണം പൂർണ്ണമായും യുഎസ് ഏറ്റെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് ഡെൻമാർക്കുമായി ഒരു കരാറിലെത്തിയതായും അദ്ദേഹം പ്രഖ്യാപിച്ചു. ഗ്രീൻലൻഡ് ബലമായി പിടിച്ചെടുക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ് നയതന്ത്ര നീക്കത്തിലൂടെ ഗ്രീൻലൻഡിന്റെ സുരക്ഷാ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരിക്കുന്നത്.
ഗ്രീൻലൻഡിൽ തങ്ങൾക്ക് 'സുരക്ഷയ്ക്കും മറ്റ് എല്ലാ ആവശ്യങ്ങൾക്കും ശാശ്വതമായ നിയന്ത്രണം' ഈ കരാർ നൽകുമെന്ന് ട്രംപ് പറഞ്ഞു. ഈ കരാർ 'ആർട്ടിക് മേഖലയിലെയും വടക്കൻ അറ്റ്ലാന്റിക് മേഖലയിലെയും സുരക്ഷ ശക്തിപ്പെടുത്തുന്നു' എന്ന് ഡെൻമാർക്ക് പ്രധാനമന്ത്രിയും പ്രതികരിച്ചു. എന്നാൽ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലെ അവകാശവാദങ്ങൾ സംബന്ധിച്ച് ഡെൻമാർക്ക് പ്രതികരിച്ചിട്ടില്ല.
ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗ്രീൻലൻഡ് 'പിടിച്ചെടുക്കുമെന്ന്' ട്രംപ് മാസങ്ങളായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രീൻലൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ധാതു സമ്പത്തുമായിരുന്നു ട്രംപിന്റെ ലക്ഷ്യം.
ഈ കരാർ 'അമേരിക്കയ്ക്ക് യാതൊരു ചെലവുമില്ലാതെയാണ്' ലഭിക്കുന്നതെന്നും ഗ്രീൻലൻഡിന്റെ സുരക്ഷ 'ഉറപ്പാക്കാനും പ്രതിരോധിക്കാനും' 'ആവശ്യമായത് ചെയ്യാൻ' ഇത് യുഎസിന് അധികാരം നൽകുമെന്നും ട്രംപ് പറഞ്ഞു.
യുഎസിന്റെ ശത്രുപക്ഷത്തുള്ള ആർക്കും ഗ്രീൻലൻഡിൽ സൈനിക സാന്നിധ്യം നിലനിർത്താനോ 'ഞങ്ങളുടെ പ്രത്യേക അനുമതിയില്ലാതെ ഗ്രീൻലൻഡിൽ നിക്ഷേപങ്ങൾ നടത്താനോ' കഴിയില്ല എന്നൊരു നിയമം ഈ കരാറിൽ ഉൾപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
അടുത്ത ആഴ്ച ഐക്യരാഷ്ട്രസഭ പൊതുസഭയിൽ ഈ കരാർ ഒപ്പുവെക്കുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡെൻമാർക്കിൽ പാർലമെന്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അവർ അറിയിച്ചു.
Content Highlights: US President Donald Trump announced full US security control over Greenland., An agreement was reached with Denmark following previous threats of a forceful takeover., The deal strengthens security in the Arctic and North Atlantic regions at no cost to the US., The agreement prevents US adversaries from maintaining military presence or sensitive investments in Greenland without permission., The formal agreement is set to be signed at the UN General Assembly next week.