ട്രംപിന്റെ തപാൽ ബാലറ്റ് നിയന്ത്രണങ്ങൾ തള്ളി സുപ്രീം കോടതി; നവംബർ തിരഞ്ഞെടുപ്പിന് പതിവുരീതി

ന്യൂയോർക്ക്: 2026 ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തപാൽ വോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രംപിന്റെ അവസാനനിമിഷത്തെ നിയമപോരാട്ടങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തപാൽ ബാലറ്റ് നിയന്ത്രണങ്ങൾ സുപ്രീം കോടതി താൽക്കാലികമായി തള്ളി. ഈ ഉത്തരവിലൂടെ, വർഷങ്ങളായി പിന്തുടരുന്ന അതേ രീതിയിൽതന്നെ തപാൽ ബാലറ്റുകൾ അയക്കുന്നത് തുടരാൻ സംസ്ഥാനങ്ങൾക്ക് അനുമതി ലഭിക്കും.
അർഹരായ വോട്ടർമാരുടെ പട്ടിക മുൻകൂട്ടി സമർപ്പിക്കണമെന്നും തപാൽ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നുമായിരുന്നു ഭരണകൂടത്തിന്റെ ആവശ്യം. യുഎസ്. കോൺഗ്രസിന്റെ നിയന്ത്രണം ആര് നേടുമെന്ന് നിശ്ചയിക്കുന്ന നിർണായകമായ നവംബർ തിരഞ്ഞെടുപ്പിന് മുൻപായി നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ വഴിയൊരുക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടത്.
രാജ്യത്തെ മൂന്നിലൊന്ന് വോട്ടർമാരും തപാൽ വഴിയാണ് വോട്ട് ചെയ്യുന്നത് എന്നതിനാലാണ് ഈ കേസിന് വലിയ പ്രാധാന്യമുണ്ടായത്. എന്നാൽ, ഈ നിയന്ത്രണങ്ങൾ വോട്ടവകാശത്തെ തടസപ്പെടുത്തുമെന്ന് സിവിൽ സർവീസ് സംഘടനകളും വിവിധ സംസ്ഥാനങ്ങളും വാദിച്ചു. നിലവിലുള്ള വോട്ടിങ് രീതികൾ തുടരാൻ അനുവദിക്കുന്ന ഈ വിധി വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
ഈ തീരുമാനത്തിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്. 'ഡിസ്ട്രിക്റ്റ് കോടതിയുടെ പ്രാഥമിക സ്റ്റേ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സർക്കാർ ഉന്നയിച്ച വാദങ്ങളിൽ വിജയം നേടാൻ സാധ്യതയില്ല. മാത്രമല്ല, ഈ കോടതിയിൽനിന്ന് അടിയന്തിര ആശ്വാസം നേടുന്നതിനുള്ള സമത്വ ഘടകങ്ങൾ സ്റ്റേ അനുവദിക്കുന്നതിന് അനുകൂലവുമല്ല.' എന്നാണ് ഒറ്റഖണ്ഡിക ഉത്തരവിൽ കോടതി പറയുന്നത്.
സർക്കാരിന് വിജയസാധ്യത ഉണ്ടെന്ന് വിശ്വസിക്കുന്നെങ്കിലും, തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടുമുമ്പ് ഇത് നടപ്പാക്കുന്നത് 'തന്നിഷ്ടപരവും അനിയന്ത്രിതവുമാണ്്' എന്നാണ് (arbitrary and capricious) അനുബന്ധ അഭിപ്രായം (concurrence) രേഖപ്പെടുത്തിയ ജസ്റ്റിസ് ബ്രെറ്റ് കാവനോ വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സാമുവൽ അലിറ്റോയും അദ്ദേഹത്തോടൊപ്പം ജസ്റ്റിസ് ക്ലാരൻസ് തോമസും ഉത്തരവിനോട് വിയോജിപ്പ് (dissent) പ്രകടിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു വിധി ഉണ്ടാകേണ്ട സാഹചര്യം സൃഷ്ടിച്ചത് കേസ് നൽകിയ സംസ്ഥാനങ്ങളാണെന്ന് ഭിന്നവിധിയിൽ അലിറ്റോ കുറ്റപ്പെടുത്തി; തങ്ങൾ തന്നെ ഉണ്ടാക്കിയ ദീർഘകാല നിയമനടപടിയുടെ ആനുകൂല്യം ആ സംസ്ഥാനങ്ങൾക്ക് ലഭിക്കരുതെന്നും അദ്ദേഹം കുറിച്ചു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളും ജനപ്രതിനിധികളും പ്രതികരിച്ചത്.
'ഭരണകൂടം ഇവിടെ ചെയ്യാൻ ശ്രമിച്ചത് ആശങ്കാജനകമായ ഒരു കാര്യമാണ്. നമ്മുടെ രാജ്യത്തെ തപാൽ വോട്ടിങ് രീതിയെ അട്ടിമറിക്കാൻ ഭരണകൂടം അവസാന നിമിഷത്തിൽ നടത്തിയ ശ്രമമായിരുന്നു ഇത്'. എൻ.എ.എ.സി.പി (NAACP) ജനറൽ കൗൺസിലും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ സിവിൽ റൈറ്റ്‌സ് ഡിവിഷൻ മുൻ മേധാവിയുമായ ക്രിസ്റ്റൻ ക്ലാർക്ക് പറഞ്ഞു.
'അമേരിക്കൻ ജനതയുടെ വോട്ടവകാശം സംരക്ഷിച്ചുകൊണ്ട് സുപ്രീം കോടതി ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് നമ്മുടെ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി ഇടപെടാനും ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ തപാൽ വോട്ടിങ്ങിനെ തകർക്കാനും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.' എന്നാണ് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി റോബർട്ട് ഗാർഷ്യ അഭിപ്രായപ്പെട്ടത്.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS), മറ്റ് ഫെഡറൽ രേഖകൾ എന്നിവയുമായി ഒത്തുനോക്കുമ്പോൾ അയോഗ്യരെന്നു കരുതുന്ന രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് തപാൽ വോട്ടിങ്ങിനുള്ള ബാലറ്റുകൾ വിതരണം ചെയ്യുന്നതിൽനിന്ന് തപാൽ ഓഫീസുകളെ തടയുന്നതിനായി മാർച്ച് 31-ന് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ നിന്നാണ് ഈ കേസിന്റെ തുടക്കം.
നിർദ്ദിഷ്ട നിയമം തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടവകാശ സംഘടനകളും 23 സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും ചേർന്ന് ഭരണകൂടത്തിനെതിരെ കേസ് നൽകി. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പ്രസിഡന്റിന് യുഎസ് ഭരണഘടന ഒരധികാരവും നൽകുന്നില്ല എന്നായിരുന്നു അവരുടെ വാദം. ഇടക്കാല തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇത്തരമൊരു സമ്പൂർണ്ണ മാറ്റം വരുത്താൻ ഒരു വഴിയുമില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
പുതിയ സിസ്റ്റം നിലവിൽ വരാതിരുന്നിട്ടും അലബാമ, നോർത്ത് കരോലിന, വിസ്‌കോൺസിൻ എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ വോട്ടർമാർക്ക് തപാൽ ബാലറ്റുകൾ അയച്ചു തുടങ്ങിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി പ്രകാരം സംസ്ഥാനങ്ങൾ ഏകീകൃത കവർ (envelope) ശൈലി സ്വീകരിക്കുകയും അർഹരായ വോട്ടർമാരുടെ പട്ടിക ഓൺലൈൻ പോർട്ടലിൽ സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇത് പാലിക്കാത്ത സംസ്ഥാനങ്ങളിലേക്ക് ബാലറ്റുകൾ എത്തിക്കാൻ വിസമ്മതിക്കാൻ തപാൽ സർവീസിന് അധികാരമുണ്ടായിരുന്നു. എന്നാൽ, പോർട്ടൽ ശരിയായി നിർമിക്കാത്തതിനാലും ഒരു ബാർകോഡ് പിശക് കാരണം ബാലറ്റുകളുടെ ബാച്ചുകൾതന്നെ ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ളതിനാലും, തപാൽ സംവിധാനത്തിന്റെ ഈ ആവശ്യകതകൾ ദശലക്ഷക്കണക്കിന് തപാൽ ബാലറ്റുകൾ അയക്കപ്പെടാതെ പോകുന്നതിലേക്ക് നയിച്ചേക്കാമെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കി.
ഡെമോക്രാറ്റിക് സംസ്ഥാന ഉദ്യോഗസ്ഥരും വോട്ടവകാശ സംഘടനകളും കോടതിയിൽ ഈ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു; 'ഒരു പ്രധാന തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് തപാൽ വോട്ടിങ്ങിനെ പൂർണമായും ഇല്ലാതാക്കുന്ന' തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഉണ്ടാക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമില്ലെന്ന് അവർ വാദിച്ചു. കീഴ്ക്കോടതികൾ ഇതിനോട് യോജിച്ചു.
എന്നാൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഇന്ദിര തൽവാനി പുറപ്പെടുവിച്ച പ്രാഥമിക സ്റ്റേ ഉത്തരവ് ജൂലൈയിൽ നടപടിക്രമങ്ങളുടെ പേരിൽ റദ്ദാക്കപ്പെട്ടെങ്കിലും, ബാലറ്റ് വിതരണത്തിൽ യു.എസ്.പി.എസ് (USPS) അന്തിമ ചട്ടം പ്രസിദ്ധീകരിച്ചതോടെ പുനഃസ്ഥാപിക്കപ്പെട്ടു. തിങ്കളാഴ്ചത്തെ വിധി ഈ സ്റ്റേ ഉത്തരവിനെ ശരിവെക്കുകയാണ് ചെയ്തത്.
തപാൽ സർവീസിന്റെ ഫെഡറൽ നിയന്ത്രണം തപാൽ ബാലറ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ സജ്ജമാക്കാൻ തങ്ങളെ അനുവദിക്കുന്നുവെന്നും ഇത് പാലിക്കാൻ സാധിക്കുമെന്നും വാദിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിൽ ഫെഡറൽ സർക്കാരിന് തുടക്കത്തിൽ അനുകൂലമായ ഒരു നടപടിക്രമ തീരുമാനം ലഭിച്ചെങ്കിലും ജഡ്ജിമാർ പദ്ധതിയുടെ നിയമസാധുതയെക്കുറിച്ച് തീരുമാനം എടുത്തില്ല.
അതേസമയം, സ്വന്തമായി വോട്ട് ചെയ്യാൻ ഈ രീതി പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ട്രംപ് കുറേക്കാലമായി തപാൽ വോട്ടിങ്ങിിനെ എതിർക്കുകയും 2020-ൽ ജോ ബൈഡനോട് തോറ്റതിന് വ്യാജമായി ഇതിനെ പഴിചാരുകയും ചെയ്തിട്ടുണ്ട്.
'കോടതിയുടെ വിധി പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും, പ്രത്യേകിച്ച് അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ 50 സംസ്ഥാനങ്ങളും നിയമപരമായി ബാലറ്റുകൾ അയയ്‌ക്കേണ്ട വിദേശത്തുള്ള ആയിരക്കണക്കിന് സൈനികർക്കും വലിയൊരു ആശ്വാസമാണ്' എന്ന് വോട്ടിങ് റൈറ്റ്‌സ് ലാബിന്റെ സഹസ്ഥാപകയും സിഇഒയുമായ സമാന്ത തരാസി പറഞ്ഞു.
'എന്നാൽ ഇത് ഇവിടെ തീരുന്നില്ല. ഈ ഭരണകൂടം നമ്മുടെ തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കാനും തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഫലങ്ങളിൽ സംശയം വിതയ്ക്കാനും എല്ലാ വഴികളും പരീക്ഷിച്ചുകൊണ്ടിരിക്കും. പ്രസിഡന്റ് ട്രംപിന്റെ തീവ്രമായ തിരഞ്ഞെടുപ്പ് അജണ്ട കോടതികളിലും അമേരിക്കൻ ജനങ്ങൾക്കിടയിലും പരാജയപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്നത്തെ വിധി. ലളിതമായി പറഞ്ഞാൽ; നമ്മുടെ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാനങ്ങളാണ് - പ്രസിഡന്റല്ല.' അവർ കൂട്ടിച്ചേർത്തു.
Content Highlights: The U.S. Supreme Court blocked President Trump's attempt to impose restrictions on mail-in voting ahead of the 2026 midterm elections, citing constitutional concerns and maintaining existing voting methods. The decision allows states to continue using traditional mail-in ballot systems, providing relief to voters and election officials, and was seen as a failure of Trump's last-minute legal efforts to influence the election process.