തിരിച്ചടിച്ച് അമേരിക്ക; ഇറാന്റെ എണ്ണക്കപ്പലുകൾ ആക്രമിച്ചു, കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ

വാഷിങ്ടൺ: അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാന്റെ മിസൈൽ ആക്രമണത്തിനിരയായതിന് പിന്നാലെ തിരിച്ചടിച്ച് അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള നിരവധി എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് വെറും 6 കിലോമീറ്റർ അകലെ വെച്ച് ഒരു ഇറാനിയൻ എണ്ണക്കപ്പലിന് നേരെ അമേരിക്കൻ മിസൈൽ പതിച്ചതായി ഇറാന്റെ തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാൻ ഉൾക്കടലിലെ ജാസ്‌കിന് സമീപം രണ്ടാമതൊരു എണ്ണക്കപ്പലിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്.
അമേരിക്കൻ തിരിച്ചടിക്ക് മറുപടിയായി യുഎസ് സൈന്യത്തിന് താവളമൊരുക്കുന്ന കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങളിലെ എണ്ണക്കപ്പലുകൾ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് ജീവനക്കാരോട് എത്രയും വേഗം ഈ കപ്പലുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇറാൻ നിർദേശം പുറപ്പെടുവിച്ചു.
തിങ്കളാഴ്ച ഇറാന്റെ ഭാഗത്ത് നിന്ന് യുഎസ് നാവികസേന കപ്പലുകൾക്ക് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ഇതിനു തിരിച്ചടിയായാണ് അമേരിക്കയുടെ ആക്രമണം. കഴിഞ്ഞയാഴ്ചയും അമേരിക്കൻ വിമാനവാഹിനിക്കപ്പലിനെയും ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറിനെയും ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഈ ആക്രമണങ്ങളിൽ യുഎസ് കപ്പലുകൾക്കൊന്നും തന്നെ നാശനഷ്ടങ്ങളോ ആർക്കും പരിക്കുകളോ സംഭവിച്ചിട്ടില്ല.
അതിനിടെ വ്യോമയാന മേഖലയെ കൂടുതൽ ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് 27 എയർലൈനുകൾ ഉൾപ്പെടെ 36 ഇറാനിയൻ സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ മിസൈൽ സാങ്കേതികവിദ്യയിലെ കൃത്യതയും അത്യാധുനികതയും ആശങ്കയുണ്ടാക്കുന്നതാണെന്നും ഇതിന് പിന്നിൽ ചൈനയുടെയോ റഷ്യയുടെയോ സാങ്കേതിക സഹായം ഉണ്ടാകാമൊന്നാണ് അമേരിക്ക സംശയിക്കുന്നത്.
Content Highlights: US military retaliated by destroying Iranian oil tankers near Kharg Island and Jask., Iran threatened oil tankers in Kuwait and Bahrain ports used by the US., US announced new sanctions targeting 36 Iranian entities, including 27 airlines., Rising concerns over advanced Iranian missile technology and potential foreign support.