ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് 100% താരിഫിന് നീക്കം; യുഎസ് സെനറ്റർമാർക്ക് നന്ദിയറിയിച്ച് സെലൻസ്‌കി

#ന്യൂസ് ഡെസ്ക്
യുഎസ് സെറ്റര്‍മാര്‍ക്കൊപ്പം സെലന്‍സ്‌കി |ഫോട്ടോ:AFP
യുഎസ് സെറ്റര്‍മാര്‍ക്കൊപ്പം സെലന്‍സ്‌കി |ഫോട്ടോ:AFP

വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് 100 ശതമാനം താരിഫ് ഭീഷണി ഉയർത്തുന്ന ബില്ലിൽ വോട്ട് ചെയ്ത യുഎസ് സെനറ്റർമാർക്ക് നന്ദി അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി.

യുഎസിൽ സന്ദർശനം നടത്തുന്ന സെലൻസ്‌കി യുഎസ്. കാപിറ്റോളിലെത്തി, സെനറ്റ് ഗാലറിയിൽ ഇരുന്ന് ബില്ലിന്മേലുള്ള വോട്ടെടുപ്പ് നേരിട്ട് വീക്ഷിക്കുകയും ചെയ്തു.

86-12 വോട്ടുകൾക്ക് സെനറ്റ്, റഷ്യൻ എണ്ണ, ഗ്യാസ്, മറ്റ് കയറ്റുമതികൾ എന്നിവ തുടർന്നും വാങ്ങുന്ന രാജ്യങ്ങൾക്ക് ശിക്ഷനൽകുന്ന നിയമനിർമാണം പാസാക്കുന്നതിനുള്ള ആദ്യ നടപടികൾ സ്വീകരിച്ചു. ഒരു വർഷത്തിലേറെയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ നടപടി. വോട്ടെടുപ്പിന് ശേഷം സെലൻസ്‌കി സെനറ്റർമാർക്ക് നന്ദി അറിയിച്ചു. 'അതീവ പ്രാധാന്യമുള്ള ഈ ബില്ലിന്റെ കാര്യത്തിൽ യുക്രൈൻ നിങ്ങളോട് നന്ദിയുള്ളവരാണ്', സെലൻസ്‌കി പറഞ്ഞു.

റഷ്യൻ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലോകത്തിലെ ഏറ്റവുംവലിയ ഇറക്കുമതിക്കാർ ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന അഞ്ച് രാജ്യങ്ങളാണ്. റഷ്യൻ പ്രസിഡന്റ് പുതിനെതിരെയും മുതിർന്ന റഷ്യൻ രാഷ്ട്രീയ, സൈനിക നേതാക്കൾക്കെതിരെയും റഷ്യൻ സാമ്പത്തിക സ്ഥാപനങ്ങൾക്കും ഊർജ്ജ പദ്ധതികൾക്കുമെതിരെയുമുള്ള ഉപരോധങ്ങളും യുഎസ് കൊണ്ടുവരാനിരിക്കുന്ന നിയമനിർമ്മാണത്തിൽ ഉൾപ്പെടുന്നുണ്ട്.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേൽ 2025 ഓഗസ്റ്റിൽ അമേരിക്ക 25 ശതമാനം അധിക താരിഫ് ചുമത്തിയിരുന്നു, ഇതോടെ ഇന്ത്യയുടെ മൊത്തം താരിഫ് 50 ശതമാനമായി ഉയർന്നിരുന്നു. പുതിയ ബിൽ പാസാകുന്നതോടെ ഇത് 100 ശതമാനംവരെ ഉയരാൻ സാധ്യതയുണ്ട്.

നിലവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ അന്തിമഘട്ടത്തിലാണ്. ഇത് നടപ്പിലായാൽ താരിഫ് 18 ശതമാനമായി കുറഞ്ഞേക്കാം. എന്നാൽ, പുതിയ ഉപരോധ ബിൽ നടപ്പിലായാൽ അത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കും.

അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാമിന്റെ സംസ്‌കാര ചടങ്ങ് നടന്ന ദിവസമാണ് ഈ ബില്ലിന്മേലുള്ള നിർണായക വോട്ടെടുപ്പ് നടന്നത്. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ ശക്തമായി പിന്തുണച്ചിരുന്ന നേതാവായിരുന്നു ലിൻഡ്‌സെ ഗ്രഹാം. അദ്ദേഹം മുൻകൈ എടുത്ത ബില്ല് കൂടിയായിരുന്നു ഇത്. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കുമേൽ സാമ്പത്തിക സമ്മർദം വർദ്ധിപ്പിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

Content Highlights: US Senate moves towards 100% tariff on nations importing Russian oil and gas., Proposed legislation aims to increase economic pressure on Russia amid the ongoing conflict., India, currently facing 50% cumulative tariffs as of August 2025, faces further escalation., Potential impact on the ongoing US-India trade agreement negotiations., Bill honors the legacy of late Senator Lindsey Graham's support for Ukraine.