90 മില്യൺ ബാരൽ എണ്ണ മാറ്റി; ഹോർമുസ് ഉപരോധം മറികടക്കാൻ കടലിൽ യു.എസിന്റെ രഹസ്യ എണ്ണക്കടത്ത്

ദുബായ്: ഇറാൻ ഉപരോധം കടുപ്പിച്ചതോടെ യു.എസ്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഹോർമുസ് കടലിടുക്കിനുസമീപം വൻതോതിൽ രഹസ്യ എണ്ണക്കടത്ത് നടക്കുന്നതായി റിപ്പോർട്ട്. യു.എ.ഇയിലെ ഫുജൈറ, ഒമാനിലെ സൊഹാർ തീരങ്ങളിൽ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് നേരിട്ട് എണ്ണ മാറ്റിയാണ് ആഗോള വിപണിയിലേക്ക് എത്തിക്കുന്നത്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേയ് ആദ്യവാരത്തിലാണ് ഈ രഹസ്യ ദൗത്യം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദൗത്യത്തിൽ ഇതുവരെ 92 കപ്പലുകൾ പങ്കാളികളായതായാണ് ഉപഗ്രഹചിത്രങ്ങളും കപ്പൽ ഗതാഗത രേഖകളും വ്യക്തമാക്കുന്നത്. ജൂൺ 11-ലെ ഉപഗ്രഹചിത്രങ്ങൾ പ്രകാരം രണ്ട് കേന്ദ്രങ്ങളിലായി 17 ജോടി കപ്പലുകളാണ് ഒരേസമയം എണ്ണ കൈമാറ്റത്തിൽ ഏർപ്പെട്ടിരുന്നത്. മേയ് മുതൽ ഇതുവരെ 90 മില്യൺ ബാരലിലധികം എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഇത്തരത്തിൽ കടത്തിയതായാണ് വിവരം.
ഇറാൻ സൈന്യത്തിന്റെ കണ്ണുവെട്ടിക്കാൻ കപ്പലുകൾ കടുത്ത സുരക്ഷാ മുൻകരുതലുകളോടെയാണ് നീങ്ങുന്നത്. തിരിച്ചറിയാതിരിക്കാൻ കപ്പലുകളിലെ ലൊക്കേഷൻ ട്രാക്കർ സംവിധാനങ്ങൾ ഓഫാക്കുകയും നാവിഗേഷൻ ലൈറ്റുകളുടെ വെളിച്ചം കുറയ്ക്കുകയും ചെയ്യും. ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ വഴിയാണ് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നത്.
ഇറാന്റെ നിയന്ത്രണ മേഖലയ്ക്ക് പുറത്തെത്തിയാലുടൻ ഇവ വലിയ കപ്പലുകളിലേക്ക് എണ്ണ മാറ്റും. 24 മുതൽ 40 മണിക്കൂർ വരെയാണ് ഇതിനായി വേണ്ടി വരുന്നത്. തുടർന്ന് വലിയ കപ്പലുകൾ അന്താരാഷ്ട്ര വിപണിയിലേക്ക് തിരിക്കുമ്പോൾ, ചെറിയ കപ്പലുകൾ വീണ്ടും എണ്ണ ശേഖരിക്കാനായി കടലിടുക്കിലേക്ക് മടങ്ങും. എണ്ണക്കൈമാറ്റത്തിൽ യു.എസ്. ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും ഇതിന്റെ പൂർണ നിയന്ത്രണവും മേൽനോട്ടവും യു.എസ്. സൈന്യത്തിനാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ആഗോളതലത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. യു.എസ്-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഈ മേഖലയിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിരുന്നു. ഇറാനുമായി അടുത്തിടെ ഉണ്ടാക്കിയ സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: The United States military is reportedly orchestrating a massive, covert ship-to-ship oil transfer operation near the Strait of Hormuz to bypass strict Iranian naval blockades and stabilize global market supplies.