ഇന്ത്യക്ക് ഏർപ്പെടുത്തിയ 25% പിഴ ചുങ്കം ഒഴിവാക്കി US;'റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തൽ പ്രതിജ്ഞാബദ്ധം'

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം | Photo : PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം | Photo : PTI

വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴ ചുങ്കം എന്നപേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് നടപടി. കരാറിന്റെ ഭാഗമായി ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള തീരുവ 25ൽനിന്ന് 18 ശതമാനമായി കുറച്ചിരുന്നു. പിഴ ചുങ്കം അടക്കം ഇന്ത്യക്ക് 50 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. അതാണിപ്പോൾ 18ലേക്കെത്തിയിരിക്കുന്നത്.

റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓർഡറിലുണ്ട്. 'റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള എണ്ണ നേരിട്ടോ പരോക്ഷമായോ ഇറക്കുമതി ചെയ്യുന്നത് നിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്' ഓർഡറിൽ പറയുന്നു. അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നും ഉത്തരവിലുണ്ട്. കൂടാതെ അടുത്ത 10 വർഷത്തേക്ക് പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനായി അമേരിക്കയുമായി ഒരു ചട്ടക്കൂടിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് അതിലുണ്ട്. ശനിയാഴ്ച പുലർച്ചെ മുതൽ ഉത്തരവ് പ്രാബല്യത്തിലാകും.

റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിലടക്കം യുഎസ് നിരീക്ഷണം തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യ റഷ്യൻ എണ്ണയുടെ നേരിട്ടുള്ളതോ നേരിട്ടല്ലാത്തതോ ആയ ഇറക്കുമതി പുനരാരംഭിക്കുകയാണെങ്കിൽ, അധിക താരിഫ് വീണ്ടും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.

വിമാനങ്ങൾക്കും അവയുടെ ഭാഗങ്ങൾക്കുമുള്ള താരിഫുകൾ നീക്കം ചെയ്യുന്നതും കരാറിന്റെ ഭാഗമാണെന്ന് ഇതിലുണ്ട്.

അടുത്ത അഞ്ച് വർഷത്തിനിടയിൽ 500 ബില്യൺ ഡോളറിന്റെ യുഎസ് ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, അവയുടെ ഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ, ടെക് ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവ ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

Content Highlights: White House Lifts Tariffs on Indian Goods Amid Shifting Energy and Defense Ties