'സമാധാനത്തിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ'; തവാങ് ഏറ്റുമുട്ടലില്‍ പ്രതികരിച്ച് യുഎസ്

വാഷിങ്ടണ്‍: തവാങ്ങിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി അമേരിക്ക. ഏറ്റുമുട്ടലില്‍നിന്ന് ഇന്ത്യയും ചൈനയും ഉടന്‍ പിന്മാറിയതില്‍ സന്തോഷമുണ്ടെന്നും പശ്‌നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും അമേരിക്ക പറഞ്ഞു.
നിയന്ത്രണരേഖയില്‍ സൈന്യത്തെ വിന്യസിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ചൈനയുടെ നടപടിയെ പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റെയ്ഡര്‍ വിമര്‍ശിച്ചു. അമേരിക്കയുടെ പങ്കാളികളായ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍നിന്ന് ഇന്ത്യയും ചൈനയും ഉടന്‍ പിന്മാറിയതില്‍ സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞു. വിഷയം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അതിര്‍ത്തിയിലെ തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.
ഡിസംബര്‍ ഒമ്പതിനാണ് അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ തവാങ് സെക്ടറില്‍പ്പെടുന്ന യാങ്സേയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഏറ്റുമുട്ടിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ചയാണ് സൈന്യം വെളിപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു രാജ്യങ്ങളുടെയും സൈനികര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റിരുന്നു.
ചൈനയുടെ കടന്നുകയറ്റം തടയാന്‍ ആഴ്ചകളായി രണ്ടോ മൂന്നോ തവണ യുദ്ധവിമാനങ്ങള്‍ക്ക് കവചം തീര്‍ക്കേണ്ടിവന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ചൈനപ്പട്ടാളത്തിന്റെ കടന്നുകയറ്റത്തെ ഇന്ത്യന്‍ സൈന്യം നിശ്ചയദാര്‍ഢ്യത്തോടെയും ധീരതയോടെയും തുരത്തിയതായി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വിശദീകരിച്ചു. ഇതിനേത്തുടര്‍ന്ന് ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യ സൈനികസന്നാഹം ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ നിരീക്ഷണത്തിന് കൂടുതല്‍ യുദ്ധവിമാനങ്ങളെത്തി. കൂടുതല്‍ സൈനികരെ വിന്യസിക്കുന്നുമുണ്ട്.
2016 ജൂണിലും തവാങ്ങില്‍ ചൈനാസൈനികര്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. അവസരംനോക്കി ചൈനാസൈന്യം മേഖലയില്‍ കടന്നുകയറുമെന്ന് വിവരമുണ്ടായിരുന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. 2020-ലെ ഗാല്‍വന്‍ സംഭവത്തിനുശേഷം യഥാര്‍ഥ നിയന്ത്രണരേഖയിലുടനീളം 31 തവണയാണ് ചൈന അതിര്‍ത്തിലംഘിച്ചത്. പ്രശ്‌നപരിഹാരത്തിന് 16 തവണ കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചനടന്നു. 17-ാം കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാനിരിക്കെയാണ് ഇപ്പോള്‍ വീണ്ടും കടന്നുകയറ്റമുണ്ടായിരിക്കുന്നത്.
Content Highlights: US Reacts To India-China Border Clash In Arunachal