ഖത്തറിലെ യുഎസ് താവളത്തിൽനിന്ന് ഒഴിയാൻ നിർദേശം; ഇറാനെതിരെ യുഎസ് സൈനിക നീക്കത്തിനോ?

ഖത്തറിലെ യുഎസ് താവളത്തിലുള്ള ബോംബര്‍ വിമാനം (ഫയല്‍) |ഫോട്ടോ:AP
ഖത്തറിലെ യുഎസ് താവളത്തിലുള്ള ബോംബര്‍ വിമാനം (ഫയല്‍) |ഫോട്ടോ:AP

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളത്തിൽനിന്ന് ചില ഉദ്യോഗസ്ഥരോട് ഒഴിയാൻ യുഎസ് നിർദേശം നൽകി. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നടപടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണിതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഖത്തറിലെ അൽ-ഉദൈദ് വ്യോമത്താവളത്തിൽനിന്ന് ചില സൈനിക ഉദ്യോഗസ്ഥരോട് ഒഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതൊരു മുൻ കരുതൽ നടപടിയെന്നാണ് യുഎസ് ഉദ്യഗസ്ഥർ നൽകുന്ന വിവരം.

കഴിഞ്ഞ വർഷം ജൂണിൽ ഇറാന്റെ ആണവ നിലയങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാൻ ഖത്തറിലെ താവളത്തെ ലക്ഷ്യമിട്ടിരുന്നു. ഏകദേശം പതിനായിരത്തോളം യുഎസ് സൈനികരാണ് ഖത്തറിലെ താവളത്തിലുള്ളതെന്നാണ് വിവരം. ഇറാനെതിരെ ആക്രമണമുണ്ടായാൽ ആദ്യം തിരിച്ചടി ഉണ്ടായേക്കാവുന്ന കേന്ദ്രമായിട്ടാണ് ഖത്തറിലെ യുഎസ് താവളമെന്നാണ് യുഎസിന്റെ കണക്ക്ക്കൂട്ടൽ.

ഇസ്രയേൽ-ഇറാൻ യുദ്ധ സമയത്ത്, ഇറാനിലെ ആണവ നിലയങ്ങളിൽ ആക്രമണം നടത്തുന്നതിന് മുമ്പും ഈ താവളം ഒഴിപ്പിക്കാൻ യുഎസ് നടപടികൾ സ്വീകരിച്ചിരുന്നു.

ഇതിനിടെ ഇറാനെതിരെ യുഎസിന്റെ സൈനിക നടപടി ഒഴിവാക്കാൻ തുർക്കി ശ്രമങ്ങൾ നടത്തിവരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ചർച്ചകളുടെ സമയം കഴിഞ്ഞെന്നാണ് യുഎസ് അധികൃതർ നൽകുന്ന വിശദീകരണം.

ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. പ്രതിഷേധം സർക്കാരിനെതിരായ ആഭ്യന്തര യുദ്ധമായി കണക്കാക്കി അറസ്റ്റ് ചെയ്യാനും വിചാരണ നടപടികൾ നടത്താനുമാണ് നിർദേശം.

യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഒരു മാസത്തിനിടെ ഇറാനിൽ 2400 പ്രക്ഷോഭകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിനിടെ 26-കാരനായ ഒരു പ്രക്ഷോഭകനെ തൂക്കിലേറ്റാൻ വിധിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിമുഴക്കി രംഗത്തെത്തിയിട്ടുണ്ട്.

'അവർ തൂക്കിലേറ്റിയാൽ, നിങ്ങൾ ചില കാര്യങ്ങൾ കാണും... അവർ അങ്ങനെ ചെയ്താൽ ഞങ്ങൾ വളരെ ശക്തമായ നടപടി സ്വീകരിക്കും' ട്രംപ് പ്രതികരിച്ചു. ഇർഫാൻ സൊൽത്താനി എന്ന 26-കാരനെയാണ് തൂക്കിലേറ്റാൻ ഇറാൻ കോടതി വിധിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. രണ്ട് ദിവസത്തിനുള്ളിലാണ് വിചാരണ നടപടികൾ പൂർത്തിയാക്കി ഇയാൾക്ക് വധശിക്ഷ വിധിച്ചതെന്നാണ് ആരോപണം. ഇയാൾ നിലവിൽ തൂക്കിലേറ്റിയോ എന്നത് വ്യക്തമല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർനെറ്റ് നിരോധനം കാരണം ഇറാനിൽനിന്നുള്ള വിവരങ്ങൾ പുറത്ത് വരുന്നതിന് തടസ്സങ്ങൾ നേരിടുന്നുണ്ട്.

Content Highlights: US Evacuates Key Middle East Base Amid Escalating Iran Tensions