യുഎസ് നാവികസേനാ ഹെലികോപ്റ്ററും യുദ്ധ വിമാനവും ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണു, 30 മിനിറ്റുകള്‍ക്കിടെ

വാഷിങ്ടണ്‍: യുസ് നാവികസേനയുടെ ഒരു ഹെലികോപ്റ്ററും ഒരു യുദ്ധ വിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. പതിവ് പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടമെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. എല്ലാ ജീവനക്കാരേയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും യുഎസ് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം തന്ത്രപ്രധാനമായ സമുദ്രമേഖലയില്‍ നടന്ന രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പതിവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ, പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:45-ഓടെയാണ് ഒരു എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഇതിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി.
ഏകദേശം 30 മിനിറ്റിനു ശേഷം, യുഎസ്എസ് നിമിറ്റ്‌സില്‍നിന്ന് തന്നെ പുറപ്പെട്ട എഫ്/എ-18എഫ് സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനവും തകര്‍ന്നു വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും വിമാനത്തില്‍ നിന്ന് പുറത്തുചാടുകയും അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തതായി നാവികസേന അറിയിച്ചു.
60 മില്യണ്‍ ഡോളറാണ് ( ഏകദേശം 528 കോടി രൂപ) എഫ്/എ-18 യുദ്ധവിമാനത്തിന് വിലവരുന്നത്. ഈ വര്‍ഷം യുഎസ് നാവികസേനക്ക് ഇത് നാലാമത്തെ എഫ്/എ-18 യുദ്ധ വിമാനമാണ് നഷ്ടപ്പെടുന്നത്. അതിലൊന്ന് ചെങ്കടലില്‍വെച്ച് വിമാനവാഹിനി കപ്പലില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഓഗസ്റ്റില്‍ പരിശീലന പറക്കലിനിടെ ഒരു വിമാനം തകര്‍ന്നുവീണു. മറ്റൊന്ന് ലാന്‍ഡിങ് സിസ്റ്റത്തില്‍ തകരാറുണ്ടായതായും യുഎസ് നാവികസേന അറിയിച്ചു.
നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തന്ത്രപ്രധാനമായ മേഖലയാണ്. അന്താരാഷ്ട്ര കോടതി വിധി ലംഘിച്ചുകൊണ്ട്, ചൈന ഈ മേഖലയില്‍ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, തര്‍ക്കത്തിലുള്ള ദ്വീപുകളിലും പവിഴപ്പുറ്റുകളിലും സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് ചൈന തങ്ങളുടെ പ്രാദേശിക അവകാശവാദങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ അവകാശവാദങ്ങളും സൈനിക സന്നാഹങ്ങളും ഈ ജലപാതയിലെ കപ്പല്‍ ഗതാഗതത്തിനും സ്വതന്ത്ര വ്യാപാരത്തിനും ഭീഷണിയാണെന്ന് യുഎസ് പറയുന്നു. ചൈനയെ പ്രതിരോധിക്കുന്നതിനും സഖ്യകക്ഷികളെയും പങ്കാളികളെയും പിന്തുണയ്ക്കുന്നതിനുമായിട്ടാണ് യുഎസ് സേന ഈ മേഖലയില്‍ സ്ഥിരമായ സാന്നിധ്യം നിലനിര്‍ത്തുന്നത്.
Content Highlights: US Navy MH-60R helicopter and F/A-18 Super Hornet fighter jet crashed during routine training in South China Sea. All crew rescued safely. Investigation underway.