കടലിൽ മാത്രമല്ല കരയിലും തടയും; ഇറാൻ ആയുധം കടത്തുന്നത് തടയാൻ പ്രത്യേകസംഘം, ‘അയൺ ഗേറ്റു’മായി യു.എസ് സൈന്യം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: CENTCOM
പ്രതീകാത്മക ചിത്രം | Photo: CENTCOM

വാഷിംങ്ടൺ: കടൽമാർഗ്ഗത്തിനു പുറമേ കരമാർഗവും കാസ്പിയൻ കടൽവഴിയും ഇറാൻ നടത്തുന്ന ആയുധക്കടത്തും ഉപരോധിച്ച ചരക്കുകളുടെ കൈമാറ്റവും തടയാൻ പുതിയ സൈനിക വിഭാഗത്തിന് രൂപംനൽകി യുഎസ് സൈന്യം. 'അയൺ ഗേറ്റ്' എന്നാണ് ഈ വിഭാഗത്തിന്റെ പേര്. യു.എസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ നിർദ്ദേശപ്രകാരമാണ് ഈ സംഘം നിലവിൽവന്നത്. ഫ്‌ലോറിഡയിലെ താംപ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വിഭാഗത്തിൽ സൈനിക, സിവിലിയൻ ഉദ്യോഗസ്ഥരുൾപ്പെടെ ഇരുപതോളം വിദഗ്ധരുണ്ടാകും.

ഇറാന്റെ കര അതിർത്തിവഴിയും കാസ്പിയൻ കടൽവഴിയും നടക്കുന്ന അത്യാധുനിക ആയുധങ്ങൾ, സാങ്കേതികവിദ്യകൾ ഉപരോധമുള്ള വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുകയെന്നതാണ് ‘അയൺ ഗേറ്റിന്റെ’ പ്രധാന കർത്തവ്യം. കടൽമാർഗ്ഗമുള്ള കടത്തിന് യുഎസ് ഉപരോധമേർപ്പെടുത്തിയതിനാൽ ഇറാന്റെ 25 ബില്ല്യൺ ഡോളർ മൂല്യമുള്ള ക്രൂഡ് ഓയിൽ വ്യാപാരം തടസ്സപ്പെടുത്തിയെന്നാണ് യു.എസ് സൈന്യത്തിന്റെ അവകാശവാദം.

കടൽമാർഗ്ഗം തടസ്സപ്പെട്ടതോടെ തുർക്കി, ഇറാഖ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, അർമേനിയ, അസർബൈജാൻ, തുർക്ക്‌മെനിസ്താൻ എന്നീ അയൽരാജ്യങ്ങളുമായുള്ള കര അതിർത്തി പാതകളും റഷ്യയിലേക്കുള്ള കാസ്പിയൻ കടൽ പാതയും ഇറാൻ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ഇത് പ്രതിരോധിക്കാനാണ് യു.എസിന്റെ പുതിയ നീക്കം.

ഇറാന്റെ പ്രധാന തുറമുഖങ്ങൾ നിരീക്ഷിച്ചതുകൊണ്ട് മാത്രം അവരുടെ വിദേശ വ്യാപാരവും ആയുധ സമാഹരണവും പൂർണമായി തടയാനാകില്ലെന്ന് യു.എസ് വിലയിരുത്തുന്നു. ചൈനയുമായുള്ള മധ്യേഷ്യൻ റെയിൽപാതകളും റഷ്യയുമായി കാസ്പിയൻ കടൽവഴിയുള്ള വ്യാപാര ബന്ധങ്ങളും ഇറാൻ ശക്തമായി നിലനിർത്തുന്നുണ്ട്. ഇത്തരം പാതകളിലൂടെയുള്ള നിയമവിരുദ്ധ വരുമാനസ്രോതസ്സുകളും ആയുധ നിർമാണ സാമഗ്രികളുടെ കൈമാറ്റവും തടയുകയാണ് പുതിയ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല.

Content Highlights: US Central Command formed Task Force Iron Gate based in Tampa, Florida., The 20-member team aims to stop Iran's land and Caspian Sea smuggling routes., Iran shifted to land borders and Caspian routes after maritime trade was heavily sanctioned., The unit targets illegal revenue sources and advanced weapon transfers involving Russia and China.