നെഞ്ചിടിപ്പോടെ ട്രംപ്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് തുടങ്ങി, മത്സരത്തിൽ നിരവധി ഇന്ത്യൻ വംശജരും

ന്യൂയോർക്ക്: യുഎസ് കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നിർണായക തിരഞ്ഞെടുപ്പാണിത്. ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തുക. ട്രംപ് ഭരണത്തിന്റെ ശേഷിക്കുന്ന രണ്ടു വർഷങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. രണ്ടുവർഷത്തെ ട്രംപിന്റെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകും മിഡ് ടേം തിരഞ്ഞെടുപ്പ് ഫലം.
ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് മത്സരം. ഇതിനു പുറമെ നിരവധി സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനങ്ങളിലേക്കും മറ്റ് സംസ്ഥാനതല പദവികളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ നിയന്ത്രണം നിലനിർത്താനാകുമോ, അതോ ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിലോ സെനറ്റിലോ അതല്ലെങ്കിൽ രണ്ടിടത്തും ഭൂരിപക്ഷം നേടാനാകുമോ എന്നതാണ് പ്രധാന ചോദ്യം.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സമയം അനുസരിച്ച് രാവിലെ ആറുമണി മുതൽ പോളിങ് സ്റ്റേഷനുകൾ തുറന്നു. കണക്റ്റിക്കട്ട്, ഇന്ത്യാന, കെന്റക്കി, മെയ്ൻ, ന്യൂഹാംഷെയർ, ന്യൂജേഴ്സി, ന്യൂയോർക്ക്, വിർജീനിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് ആദ്യം വോട്ടെടുപ്പ് ആരംഭിച്ചത്. ഈ സംസ്ഥാനങ്ങളിൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോളിങ് തുടങ്ങുന്ന സമയം വ്യത്യസ്തമാണ്. നോർത്ത് കരോലൈന, ഒഹായോ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ പ്രാദേശിക സമയം രാവിലെ 6.30-ന് വോട്ടെടുപ്പ് തുടങ്ങി. ഇത് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചുമണിയാണ്.
ഡെലവെയർ, വാഷിങ്ടൺ ഡിസി, ജോർജിയ, ഇല്ലിനോയി, മേരിലാൻഡ്, മിസോറി, പെൻസിൽവാനിയ, സൗത്ത് കരോലൈന എന്നിവിടങ്ങളിൽ രാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. അലബാമ, ഫ്ളോറിഡ, കൻസാസ്, മിഷിഗൺ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും രാവിലെ ഏഴുമണിയോടെയാണ് പോളിങ് സ്റ്റേഷനുകൾ തുറക്കുക. മസാച്യുസെറ്റ്സിലെ ചില നഗരങ്ങളിലും പട്ടണങ്ങളിലും രാവിലെ 5.45 മുതൽ വോട്ടെടുപ്പ് തുടങ്ങി. റോഡ് ഐലൻഡിൽ രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങുക. ന്യൂ ഷോർഹാമിൽ രാവിലെ ഒൻപത് മണിക്കാണ്.
ജനപ്രതിനിധി സഭയിലേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ പാർട്ടി കടുത്ത പോരാട്ടമാണ് നേരിടുന്നതെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. സെനറ്റിന്റെ നിയന്ത്രണം ആർക്കാകുമെന്ന കാര്യത്തിൽ വ്യക്തമായ സൂചന ഒരു സർവേയും പറയുന്നില്ല. സെനറ്റിലെ നിർണായക പോരാട്ടം പത്തോളം സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ഇവയിൽ ഭൂരിഭാഗവും റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളാണ്.
ഇന്ത്യൻ വംശജരായ നിരവധി സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ട്. ഒഹായോ ഗവർണർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിവേക് രാമസ്വാമിയും ഡെമോക്രാറ്റിക് പാർട്ടിയുടെ ആമി ആക്ടണും തമ്മിലാണ് പ്രധാന മത്സരം. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള രാമസ്വാമി ഇന്ത്യൻ വംശജരായ സ്ഥാനാർഥികളിൽ പ്രമുഖനാണ്. ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ഡെമോക്രാറ്റിക് പാർട്ടിയിലെ റോ ഖന്ന, പ്രമീള ജയപാൽ, ആമി ബേര, സുഹാസ് സുബ്രഹ്മണ്യം എന്നിവരും മത്സരിക്കുന്നുണ്ട്.
കാലിഫോർണിയയിലെ 17-ാം കോൺഗ്രസ് മണ്ഡലത്തിലും വാഷിങ്ടണിലെ ഏഴാം കോൺഗ്രസ് മണ്ഡലത്തിലും ഇന്ത്യൻ വംശജരായ സ്ഥാനാർഥികൾ വ്യത്യസ്ത പാർട്ടികൾക്കുവേണ്ടി പരസ്പരം മത്സരിക്കുന്നുണ്ട്. അരിസോണ, ഫ്ളോറിഡ, ടെക്സസ്, നോർത്ത് കരോലൈന, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ത്യൻ വംശജരായ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ജനപ്രതിനിധി സഭ, ഗവർണർ പദവികൾ, സംസ്ഥാന നിയമസഭകൾ, പ്രാദേശിക ഭരണപദവികൾ എന്നിവിടങ്ങളിലേക്കെല്ലാം ഇന്ത്യൻ വംശജർ ജനവിധി തേടുന്നുണ്ട്.
വോട്ടെടുപ്പ് നവംബർ മൂന്നിന് പൂർത്തിയാകുന്നതോടെ അതേദിവസം വൈകീട്ട് മുതൽ (ഇന്ത്യൻ സമയം നവംബർ 4 പുലർച്ചെ മുതൽ) തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യ സൂചനകൾ പുറത്തുവരും. വിവിധ സംസ്ഥാനങ്ങളിൽ പോളിങ് അവസാനിക്കുന്നതിനനുസരിച്ച് വോട്ടെണ്ണൽ ആരംഭിക്കും. എന്നാൽ ആദ്യ ഫലങ്ങൾ അന്തിമമാകില്ല. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ ഫലം അറിയാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാം. തപാൽ വോട്ടുകളും മറ്റ് ബാലറ്റുകളും എണ്ണി പരിശോധിച്ച് ഔദ്യോഗികമായി ഫലം സ്ഥിരീകരിക്കുന്നതിനും കൂടുതൽ സമയം വേണ്ടിവരും.
Content Highlights: Voting for the US midterm elections has begun across multiple states, testing Donald Trump's presidency as voters decide control of 435 House seats, 35 Senate seats, and key governorships involving Indian-origin candidates.