കത്തി കൊണ്ട് യാത്രക്കാരെ കുത്തിവീഴ്ത്തി; വിമാനം റാഞ്ചാൻ ശ്രമിച്ചയാൾ സഹയാത്രികന്റെ വെടിയേറ്റ് മരിച്ചു

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

ബെല്‍മോപന്‍ (ബെലീസ്): ചെറുയാത്രാവിമാനം റാഞ്ചാൻ ശ്രമിച്ച നാല്‍പ്പത്തൊമ്പതുകാരന്‍ സഹയാത്രികന്റെ വെടിയേറ്റുമരിച്ചു. കരീബിയന്‍ രാജ്യമായ ബെലീസില്‍ വ്യാഴാഴ്ചയാണ് സംഭവം. യുഎസ് പൗരനായ അകിന്‍യേല സാവ ടെയ്‌ലര്‍ എന്നയാളാണ് വിമാനം റാഞ്ചാൻ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇയാള്‍ രണ്ട് സഹയാത്രികരെ മുറിവേല്‍പിക്കുകയും ചെയ്തു. 

1വിമാനത്തിൽ 14 യാത്രക്കാർ ഉണ്ടായിരുന്നു. പൈലറ്റിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ടെയ്‌ലര്‍ വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് യാത്രക്കാരില്‍ ഒരാള്‍ ടെയ്‌ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റതെന്ന് ബെലീസ് പോലീസ് അറിയിച്ചു.

വിമാനം നിലത്തിറക്കിയതിന് പിന്നാലെ ടെയ്‌ലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കോറോസലില്‍നിന്ന് സാന്‍ പെഡ്രോയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഇതിനിടെയാണ് റാഞ്ചൽ ശ്രമമുണ്ടായത്. അതേസമയം, വിമാനം റാഞ്ചാൻ ടെയ്‌ലറെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല. 

Content Highlights: us man attempt to hijack plane shot dead by co passenger