ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാൻ യുഎസ്-ഇസ്രായേൽ സംയുക്ത നീക്കം; കരസേനാ നീക്കമുണ്ടായേക്കും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| AFP
പ്രതീകാത്മക ചിത്രം| AFP

വാഷിംഗ്ടൺ/ജെറുസലേം: ഇറാന്റെ ആണവായുധ മോഹങ്ങൾ തടയുന്നതിനായി അവരുടെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് പ്രത്യേക സൈനിക നീക്കം നടത്താൻ അമേരിക്കയും ഇസ്രായേലും ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുന്നതിനോ നശിപ്പിക്കുന്നതിനോ വേണ്ടി പ്രത്യേക സൈനിക യൂണിറ്റുകളെ (Special Operations Units) അവിടേക്ക് അയക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായാണ് വിവരം. .

ഇറാനിലേക്ക് വൻതോതിലുള്ള സൈനികാക്രമണം നടത്തുന്നതിന് പകരം, ചെറിയ പ്രത്യേക സൈനിക സംഘങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇറാനിൽ നിന്നും യുറേനിയം നേരിട്ട് കടത്തിക്കൊണ്ടു വരികയോ അല്ലെങ്കിൽ അവിടെ വെച്ച് തന്നെ ഉപയോഗശൂന്യമാക്കുകയോ ചെയ്യുക എന്നതാണ് പ്രധാനമായും പരിഗണിക്കുന്ന രണ്ട് മാർഗങ്ങൾ. ഈ വിഷയത്തിൽ അന്തിമ തീരുമാനം യുഎസ് പ്രസിഡന്റ്, വാർ ഡിപ്പാർട്ട്മെന്റ്, സിഐഎ (CIA) എന്നിവർ ചേർന്ന് കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പക്കൽ നിലവിൽ 450 കിലോയോളം 60% സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വാദം. ഇത് ഉപയോഗിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ 11 ആണവ ബോംബുകൾ വരെ നിർമ്മിക്കാൻ ഇറാനു കഴിയുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളാണ് അമേരിക്കയെയും ഇസ്രായേലിനെയും ഇറാനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. ഇത് കൂടാതെ, ഇറാന്റെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനായി അവരുടെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ഐലൻഡ് (Kharg Island) പിടിച്ചെടുക്കുന്ന കാര്യവും ഗൗരവമായി യുഎസ് പരിഗണിക്കുന്നുണ്ട്.

അതേസമയം ഇറാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. യുദ്ധം തുടരുന്നതിനിടെ, ഇറാന്റെ എഫ്-14 യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇസ്രായേൽ സൈന്യം തകർത്തിരുന്നു. ആയിരക്കണക്കിന് ഇറാനിയൻ സൈനികരെ വധിച്ചതായും അയ്യായിരത്തിലധികം ബോംബുകൾ ഇറാനിൽ വർഷിച്ചതായും ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്.

Content Highlights: US and Israel planning special ops to target Iran's 60% enriched uranium., Goal is to prevent the production of nuclear bombs within weeks., Potential seizure of Kharg Island to disrupt Iran's oil economy., Ongoing Israeli airstrikes targeting Iran's defense systems.