ഇറാൻ-അമേരിക്ക യുദ്ധം: ഒരു മാസത്തേക്ക് ചെലവ് 18 ലക്ഷം കോടി രൂപ

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കം ലോകത്തെ ആശങ്കയിലാക്കുമ്പോൾ, യുദ്ധത്തിന്റെ ഭീമമായ സാമ്പത്തിക ബാധ്യതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്ക ഏകദേശം 779 മില്യൺ ഡോളർ (ഏകദേശം 7173 കോടി രൂപ) ചെലവാക്കിയതായാണ് റിപ്പോർട്ടുകൾ. സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ, രാജ്യം വലിയൊരു സാമ്പത്തിക പ്രത്യാഘാതവും നേരിടുകയാണ്. ഏകദേശം ഒരു മാസമെങ്കിലും യുദ്ധം നീണ്ടുനിൽക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൈനിക വിന്യാസത്തിനും സന്നാഹങ്ങൾക്കുമായി വൻ തുകയാണ് അമേരിക്ക ഇപ്പോൾ നീക്കിവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടുന്ന കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകളുടെ ദൈനംദിന പ്രവർത്തനത്തിന് മാത്രം ഏകദേശം 6.5 മില്യൺ ഡോളർ (59 കോടി രൂപ) ആവശ്യമാണ്. ആക്രമണത്തിന് മുന്നോടിയായുള്ള സൈനിക വിന്യാസത്തിനും കപ്പലുകളുടെയും വിമാനങ്ങളുടെയും പുനർവിന്യാസത്തിനുമായി മാത്രം ഏകദേശം 630 മില്യൺ ഡോളർ (5,806 കോടി രൂപ) ഇതിനോടകം ചെലവായതായി കണക്കാക്കപ്പെടുന്നു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിന് മാത്രം 21.7 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നൽകിയത്. യെമൻ, ഇറാൻ എന്നിവിടങ്ങളിലെ മറ്റ് സൈനിക നീക്കങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ, ആകെ ചിലവ് 31.35 ബില്യൺ ഡോളറിനും 33.77 ബില്യൺ ഡോളറിനും ഇടയിലാണെന്ന് ബ്രൗൺ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ഏകദേശം 3 ലക്ഷം കോടി രൂപയോളം വരും.
യുദ്ധം ട്രംപ് സൂചിപ്പിച്ചതുപോലെ നീണ്ടുപോയാൽ, മൊത്തം ചെലവ് 210 ബില്യൺ ഡോളർ (18.87 ലക്ഷം കോടി രൂപ) വരെ എത്തിയേക്കാമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ കെന്റ് സ്മെറ്റേഴ്സ് മുന്നറിയിപ്പ് നൽകുന്നു. ഇറാൻ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇറാനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെങ്കിലും അത് വളരെ വൈകിപ്പോയി എന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധമാണിതെന്നും, ആക്രമണം അവസാനിക്കുന്നത് വരെ രാജ്യം ശക്തമായ പ്രതിരോധം തുടരുമെന്നുമാണ് ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി അലി ബഹ്‌റൈനി പ്രതികരിച്ചത്.
Content Highlights: The first 24 hours of US strikes on Iran cost an estimated $779 million., The total projected cost of a month-long war could reach a staggering $210 billion.