വീണ്ടും യുദ്ധം? ട്രംപിന്റെ മനസിലെന്ത്, ശത്രുവിന് പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും സങ്കീർണ്ണമാകുന്നതായി റിപ്പോർട്ടുകൾ. ഇറാനെതിരെ തങ്ങളാണ് മേധാവിത്വം നേടിയിരിക്കുന്നതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് യുഎസ് എന്ന് ഇറാൻ ആരോപിച്ചു. ഇറാൻ കീഴടങ്ങുമെന്നാണ് അമേരിക്ക ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും സൈനിക നടപടികൾ പുനരാരംഭിക്കാൻ അവർ അവസരം തേടുകയാണെന്നും ഇറാനിയൻ പാർലമെന്ററി സ്പീക്കറും മുതിർന്ന ചർച്ചക്കാരനുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. 'സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾക്കിടയിലും ശത്രു അതിന്റെ സൈനിക ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് അവരുടെ നീക്കങ്ങൾ വ്യക്തമാക്കുന്നു,' എന്ന് അദ്ദേഹം ഒരു ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ ശത്രുവിന് പശ്ചാത്തപിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇറാന് മേൽ അമേരിക്ക മേൽക്കൈ നേടിയതായി ട്രംപ് അവകാശപ്പെട്ടത്. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് തിരക്കില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനായി മുൻപ് നിശ്ചയിച്ചിരുന്ന സൈനിക നീക്കം താൻ തടഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ചർച്ചകൾ പരാജയപ്പെട്ടാൽ വലിയ തോതിലുള്ള ആക്രമണത്തിന് സൈന്യം സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഖലയിൽ ഒരു യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ തീവ്രശ്രമം നടത്തുന്നുണ്ട്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ചർച്ചകൾക്കായി കൂടുതൽ സമയം നൽകണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പാകിസ്താൻ പുതിയ സമാധാന നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറി. സമാധാന നീക്കങ്ങളുടെ ഭാഗമായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി വീണ്ടും ഇറാൻ സന്ദർശിക്കുന്നുണ്ട്.
Content Highlights: Mohammad Bagher Ghalibaf warns US against military aggression., Donald Trump claims US dominance while keeping military options open., Gulf nations and Pakistan mediating for regional peace., Diplomatic efforts ongoing to avoid large-scale conflict.