യുഎസ്-ഇറാൻ സംഘർഷത്തിന് അന്ത്യമാകുന്നു? സമാധാന കരാറിൽ ധാരണ; ട്രംപിന്റെ അനുമതിക്കായി കാത്തിരിപ്പ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. നിലവിലുള്ള വെടിനിർത്തൽ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള 60 ദിവസത്തെ കരാറിലാണ് ധാരണയായത്.
ഇറാന്റെ ഉന്നതനേതൃത്വം ഈ നിർദേശത്തിന് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതിക്കായി കാത്തിരിപ്പ് തുടരുകയാണ്. ബുധനാഴ്ച ചർച്ചകളുടെ പുരോഗതിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്ന് അദ്ദേഹം മധ്യസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്. ഹോർമുസിലെ ഉപരോധങ്ങൾ നീക്കണമെന്ന ഇറാന്റെ നിർദേശത്തിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് മണിക്കൂറുകൾക്ക് മുൻപ് പ്രതികരിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലെ സമാധാനം പുനഃസ്ഥാപിക്കുകയെന്നതാണ് കരാറിലൂടെ ഇറാൻ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ നിർദേശപ്രകാരം, ഹോർമുസിലൂടെയുള്ള സുരക്ഷിത കപ്പൽ ഗതാഗതം ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30 ദിവസത്തിനുള്ളിൽ കടലിലെ മൈനുകൾ നീക്കം ചെയ്യുമെന്നും വാണിജ്യ കപ്പലുകളെ തടയില്ലെന്നും ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. കപ്പലുകളിൽനിന്ന് യാതൊരുവിധ ടോളും ഈടാക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇതിന് പകരമായി മേഖലയിലെ നാവിക ഉപരോധം അമേരിക്ക ഘട്ടംഘട്ടമായി ലഘൂകരിക്കും.
ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഇറാന്റെ ഉറപ്പും കരാറിന്റെ ഭാഗമാണ്. 60 ദിവസത്തെ ചർച്ചാവേളയിൽ യുറേനിയം സമ്പുഷ്ടീകരണം, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകൽ, മാനുഷിക സഹായം എന്നിവ ചർച്ചാവിഷയമാകും. അതേസമയം, ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത് താൽക്കാലിക ക്രമീകരണത്തിനുള്ള നിർദേശങ്ങൾ മാത്രമാണെന്നും അന്തിമ സമാധാന കരാറല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മേഖലയിൽ സംഘർഷം തുടരുകയാണ്. ദക്ഷിണ ഇറാനിലെ ഡ്രോൺ നിയന്ത്രണ കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി കുവൈറ്റിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ കഴിഞ്ഞദിവസം മിസൈൽ ആക്രമണം നടത്തിയിരുന്നു. അതേസമയം, ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും തുടരുകയാണ്.
Content Highlights: Proposed 60-day truce between US and Iran., Iran agrees to clear mines in Hormuz Strait for safe shipping., Nuclear enrichment and frozen funds are key negotiation topics., Trump reviewing the proposal while military tensions persist., Focus on humanitarian aid and de-escalation in the region.