ഇറാന്റെ എണ്ണക്കപ്പലിന് നേർക്ക് യുഎസ് ആക്രമണം, പതിച്ചത് 4 മിസൈലുകൾ; സംഭവം ഖാർഗ് ദ്വീപിന് സമീപം

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

ടെഹ്‌റാൻ: ഇറാന്റെ എണ്ണക്കപ്പലിന് നേർക്ക് യുഎസിന്റെ വ്യോമാക്രമണം. ഇറാന്റെ സുപ്രധാന എണ്ണ ഖനന- കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപത്തുവെച്ചാണ് ഇറാന്റെ കപ്പലിനെ അമേരിക്കൻ സൈന്യം ആക്രമിച്ചത്. നാല് മിസൈലുകളാണ് കപ്പലിൽ പതിച്ചതെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചതായും ആൾനാശമില്ലെന്നുമാണ് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിൽ ഇറാൻ അധികൃതരിൽനിന്നോ യുഎസ് സെൻട്രൽ കമാൻഡിൽനിന്നോ പ്രതികരണം വന്നിട്ടില്ല. ഓഗസ്റ്റ് 31-ാം തീയതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഖാർഗ് ദ്വീപ് അഗ്നിക്കിരയായി ഛിന്നഭിന്നമാകുന്നതിന്റെ എഐ നിർമിത വീഡിയോ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ഖാർഗ് ആക്രമിക്കപ്പെട്ടാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.

ഒപെക് രാജ്യങ്ങളിൽ ഏറ്റവുംവലിയ മൂന്നാമത്തെ പെട്രോളിയം ഉത്പാദകരാണ് ഇറാൻ. യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് മുൻപ്, ഇറാൻ ഉത്പാദിപ്പിച്ചിരുന്ന പെട്രോളിയത്തിന്റെ 90 ശതമാനവും ഖാർഗിൽനിന്നായിരുന്നു. എന്നാൽ, ഏപ്രിൽ മധ്യത്തോടെ ഇറാൻ എണ്ണയ്ക്കുമേൽ യുഎസ് ഉപരോധം പ്രഖ്യാപിച്ചതോടെ ഇവിടുത്തെ എണ്ണ ഉത്പാദനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

Content Highlights: The US military launched an airstrike on an Iranian oil tanker near Kharg Island, a key oil export hub, using four missiles; no casualties were reported as the crew was evacuated