അന്തിമചർച്ചയിൽ അനിശ്ചിതത്വം; യുഎസ്-ഇറാൻ ചർച്ചയ്ക്ക് ഖത്തർ വേദിയാകില്ല

ദോഹ: വാരാന്ത്യത്തെ പ്രക്ഷുബ്ധമാക്കിയ ആക്രമണ-പ്രത്യാക്രമണങ്ങൾ യു.എസും ഇറാനും അവസാനിപ്പിച്ചെങ്കിലും അന്തിമക്കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല.
ചർച്ച ചൊവ്വാഴ്ച ഖത്തറിൽ നടക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നാലെ ഇറാൻ-യു.എസ്. ഉന്നതതല ചർച്ചയ്ക്ക് ദോഹ വേദിയാകില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്തർ അറിയിച്ചു. ഇരുരാജ്യവും തമ്മിലുള്ള നേരിട്ടുള്ള ഒരു ചർച്ചയും ഖത്തറിൽ നിശ്ചയിച്ചിട്ടില്ലെന്ന് ഖത്തർ വിദേശകാര്യവക്താവ് മജീദ് അൽ അൻസാരിയാണ് വെളിപ്പെടുത്തിയത്.
അതേസമയം, ചർച്ചയിൽ പങ്കെടുക്കുന്നതിനായി ട്രംപിന്റെ പശ്ചിമേഷ്യൻ കാര്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മരുമകനും ഉപദേഷ്ടാവുമായ ജാരദ് കഷ്‌നറും ചൊവ്വാഴ്ച ഖത്തറിലെത്തി. ഇരുവരും ഖത്തർ നേതൃത്വവുമായി കൂടിക്കാഴ്ചനടത്തി മടങ്ങും. ലെബനൻ വിഷയമുൾപ്പെടെ സമാധാനക്കരാറിലെ തടസ്സങ്ങൾ ചർച്ചചെയ്യും.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ അംഗീകാരമില്ലാത്ത പാതകളിലൂടെ കപ്പൽനീക്കം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞയാഴ്ച വീണ്ടും സംഘർഷം തുടങ്ങാൻ കാരണം. ഇറാന്റെ മുന്നറിയിപ്പവഗണിച്ച് ബദൽപ്പാതയിലൂടെ പോയ രണ്ട് കപ്പലുകൾ ഒമാൻ തീരത്തുവെച്ച് ആക്രമിക്കപ്പെട്ടു. പിന്നാലെ ഇറാനുനേരേ യു.എസ്. ആക്രമണം പുനരാരംഭിക്കുകയും തിരിച്ചടിയായി ഗൾഫ് രാഷ്ട്രങ്ങളിലെ യു.എസ്. താവളങ്ങൾ ഇറാൻ ലക്ഷ്യമിടുകയും ചെയ്തു. ഇരുകൂട്ടരും ഞായറാഴ്ചയാണ് ഏറ്റുമുട്ടൽ നിർത്തിയത്.
പിന്നാലെ ചർച്ച തുടരുമെന്ന് അമേരിക്കയും പ്രധാന മധ്യസ്ഥരായ പാകിസ്താനും അറിയിച്ചെങ്കിലും ചർച്ച ഉടനുണ്ടാവില്ലെന്ന് ഇറാൻ നിലപാടെടുത്തു. 60 ദിവസത്തെ വെടിനിർത്തൽ ഇടവേളയ്ക്കിടെ ഇരുരാജ്യവും അന്തിമക്കരാറിലെത്തണമെന്നാണ് ജൂൺ 17-ന് നിലവിൽ വന്ന ഇടക്കാല കരാർ നിഷ്കർഷിക്കുന്നത്. ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ അന്തിമതീർപ്പുണ്ടാക്കാനുള്ള ചർച്ചകളാണ് നടക്കേണ്ടത്.
എണ്ണവില കുറയ്ക്കാൻ ട്രംപിന്റെ നിർദേശം
എണ്ണവില ഉടൻ കുറച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ ഇന്ധന പമ്പുടമകൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും പമ്പുകളിൽ വില അന്യായമായി ഉയർന്നനിലയിലാണെന്ന് ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28-ന് പശ്ചിമേഷ്യയിൽ യുദ്ധമാരംഭിച്ചതോടെ തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരാൻ കാരണം. ഇടക്കാല കരാർ പ്രാബല്യത്തിലായതോടെ ആഗോള അസംസ്കൃത എണ്ണവില കുറഞ്ഞിരുന്നു. അതിനിടെ, യുദ്ധംതുടങ്ങിയതിനുശേഷം ആദ്യമായി തിങ്കളാഴ്ച ശ്രീലങ്ക പെട്രോൾ-ഡീസൽ വില കുറച്ചു.
Content Highlights: Uncertainty surrounds the resumption of final treaty talks between the US and Iran in Doha., Qatar clarifies no direct US-Iran talks are scheduled despite US announcements., Tensions remain high due to maritime security issues in the Hormuz Strait., US administration is pressuring domestic fuel retailers to reduce oil prices., The June 17 interim treaty mandates a resolution on nuclear and regional disputes within 60 days.