യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര് നാന്സി പെലോസിയുടെ ഭര്ത്താവിന് നേരെ ആക്രമണം

വാഷിങ്ടണ്: അമേരിക്കയുടെ ജനപ്രതിനിധിസഭാ സ്പീക്കര് നാന്സി പെലോസിയുടെ ഭര്ത്താവ് പോള് പെലോസിക്കു നേരെ ആക്രമണം. ദമ്പതിമാരുടെ സാന്ഫ്രാന്സിസ്കോയിലെ വീട്ടില് അതിക്രമിച്ചു കയറിയയാളാണ് എണ്പത്തിരണ്ടുകാരനായ പോളിനെ ക്രൂരമായി ആക്രമിച്ചത്. വെള്ളിയാഴ്ച പുലര്ച്ചെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ പോളിനെ ആശുപത്രിയില് പ്രവേശിപ്പിച്ചതായി നാന്സിയുടെ ഓഫീസ് പത്രപ്രസ്താവനയില് അറിയിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചു വരികയാണ്. സംഭവസമയത്ത് നാന്സി സ്ഥലത്തുണ്ടായിരുന്നില്ല.
ആക്രമണത്തിന്റെ സാഹചര്യത്തെ കുറിച്ചോ എങ്ങനെയാണ് അക്രമി വീടിനുള്ളില് കടന്നത് എന്നതിനെ കുറിച്ചോ വ്യക്തത വന്നിട്ടില്ല. സാന്ഫ്രാന്സിസ്കോ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റിയല് എസ്റ്റേറ്റ്-വെഞ്ച്വര് കാപിറ്റല് സ്ഥാപന ഉടമയാണ് പോള് പെലോസി. മേയ് മാസത്തില് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില് ഇദ്ദേഹത്തിന് അഞ്ചുദിവസം ജയില്ശിക്ഷ ലഭിച്ചിരുന്നു.
Content Highlights: us house speaker nancy pelosi husband attacked