ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തെ നാല് റിപ്പബ്ലിക്കൻ അംഗങ്ങളും പിന്തുണച്ചു. ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും.

യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഫെബ്രുവരിയിൽ ഇസ്രയേലുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയത് ഭരണഘടനാ ലംഘനമാണെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. യുഎസിലെ 'വാർ പവേഴ്‌സ് ആക്ട്' പ്രകാരം സൈനിക നടപടി തുടങ്ങി 60 ദിവസത്തിനകം കോൺഗ്രസിന്റെ അനുമതി തേടണം. എന്നാൽ, ഈ കാലാവധി ആഴ്ചകൾക്ക് മുൻപ് അവസാനിച്ചിട്ടും ഡൊണാൾഡ് ട്രംപ് ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും പ്രസിഡന്റ് നിയംമം ലംഘിക്കുകയാണെന്നും ഡെമോക്രാറ്റുകൾ പറഞ്ഞു.

അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഡൊണാൾഡ് ട്രംപിനായുള്ള വ്യക്തമായ സന്ദേശമാണിതെന്ന് വിദേശകാര്യസമിതിയിലെ ഡെമോക്രാറ്റുകളും പ്രതികരിച്ചു. അങ്ങേയറ്റം ജനപ്രീതി നേടാത്ത, നിയമവിരുദ്ധമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും ഡെമോക്രാറ്റുകൾ പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം സൈനിക നടപടികൾ അവസാനിപ്പിക്കാനായി ട്രംപിനെ നിർബന്ധിപ്പിക്കുന്ന ഒരു പ്രമേയം ഇതാദ്യമായാണ് പാസാകുന്നത്. ട്രംപിന്റെ സൈനികനയങ്ങൾക്കെതിരേയുള്ള കനത്ത തിരിച്ചടിയായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

Content Highlights: US House passed a resolution to end military action against Iran with a 215-208 vote., Four Republicans joined Democrats to support the move against Trump's military policy., The resolution cites a violation of the War Powers Act for failing to seek Congressional approval within 60 days., The bill will now proceed to the Senate for consideration., This marks a historic legislative pushback against the current administration's military authority.